തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ യുവമോർച്ചയുടെ ലോംഗ് മാർച്ച് ഇന്ന് സെക്രട്ടേറിയറ്റിൽ സമാപിക്കും. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് കാര്യക്ഷമമായി നിയമനങ്ങൾ നടത്തുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടക്കുന്നത്. നിയമനം ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയത അനുവിന്റെ അമ്മ കൊളുത്തി നൽകിയ ദീപശിഖയുമായാണ് കാരക്കോണത്ത് അനുവിന്റെ വീട്ടിൽ നിന്ന് മാർച്ച് ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി രണ്ടാം ദിവസത്തെ യാത്ര നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്‌തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്,​ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.എൽ. അജേഷ്, ജെ.ആർ. അനുരാജ്, ബി.ജി. വിഷ്‌ണു, ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.