വെഞ്ഞാറമൂട്: നാട്ടുകാരുടെ ശ്രഫലമായി നിർമ്മിച്ച പ്രദേശിക റോഡിന്റെ പാർശ്വഭിത്തി നിർമ്മാണം വൈകുന്നത് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ തലയിൽ-ചെക്ക്ഡാം-കോലിഞ്ചി റോഡാണ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്. നെല്ലനാട്, മാണിക്കൽ പഞ്ചായത്തുകളുടെ നെല്ലറയായ തലയിൽ ഏലായിൽ കൂടി കോലിഞ്ചി വഴി തലയിൽ ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡ് നിർമ്മിച്ചത് 2003ലാണ്. രണ്ട് കിലോമീറ്റർ ദൂരത്തിൽ മൂന്ന് മീറ്റർ വീതിയിലായിരുന്നു നിർമ്മാണം. എന്നാൽ റോഡിന്റെ ഉറപ്പിനും ഗതാഗത സൗകര്യത്തിനുമായി പാർശ്വഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
തലയിൽ ഏലാ തോട്ടിൽ ഉണ്ടാകാറുള്ള വെളത്തിന്റെ കുത്തൊഴുക്കിൽ റോഡിന്റെ പലഭാഗവും ഇടിഞ്ഞു. ഇതാണ് യാത്രാദുരിതം വർദ്ധിപ്പിക്കുന്നത്. വിഷയത്തിൽ നിരവധി തവണ അധികൃതർക്ക് നാട്ടുകാർ നിവേദനം നൽകിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരാണ് റോഡിനെ ആശ്രയിക്കുന്നത്. ഇതും ബന്ധപ്പെട്ടവർ പരിഗണിക്കുന്നില്ല. അടിയന്തരമായി റോഡിന് പാർശ്വഭിത്തി നിർമ്മിച്ച് അപകട സാദ്ധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആശ്രയിക്കുന്നവർ നിരവധി
വേടത്തിക്കുന്ന്, നൂറേക്കർ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴിയാണ് ഈ റോഡ്.
നൂറേക്കർ, പുത്തൻകോണം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ഈ ബണ്ട് റോഡിലൂടെ ചേമ്പിൻകുഴിയിലെത്തിയാണ് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്. തലയൽ എൽ.പി.എസ്, കന്യാകുളങ്ങര ഗവ.ബി.എച്ച്.എസ്, തേമ്പാംമൂട് ജനതാ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും റോഡിനെ ആശ്രയിച്ചാണ് യാത്രചെയ്യുന്നത്.
റോഡ് നിർമ്മിച്ചത്: 2003ൽ
ദൂരം: 2 കി.മീ
തലയൽ ഏലാ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് മെെനർ ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. 2020-2021 സാമ്പത്തികവർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തോട് സംരക്ഷിക്കുന്ന തരത്തിൽ പാശ്വഭിത്തി നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കും.
എസ്.സുജാത. പ്രസിഡന്റ് , മാണിക്കൽ ഗ്രാമപഞ്ചായത്ത്
തലയൽ ഏലാ റോഡിന്റെ സംരക്ഷണത്തിനും നവീകരണത്തിനും മാണിക്കൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം.
തലയൽ മോഹൻദാസ് ജന.സെക്രട്ടറി. ഒ.ബി.സി.മോർച്ച വാമനപുരം നിയോജക മണ്ഡലം
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ യാത്രചെയ്യുന്ന തലയൽ ഏലാ ബണ്ട് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് മാണിക്കൽ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണം.
പനമൂട്ടിൽ ശശിധരൻ നായർ, പ്രദേശവാസി