ആലുവ: വിവാദങ്ങൾക്കൊടുവിൽ 12 പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങളില്ലാതെയായിരുന്നു ഉദ്ഘാടനം. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഫ്ലാറ്റുകളുടെ നിർമ്മാണം തുടങ്ങിയതെങ്കിലും പാതിവഴിയിൽ നിലച്ചു. നിലവിലുള്ള ഭരണസമിതി സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഒമ്പത് കുടുംബങ്ങൾക്കാണ് ആദ്യം അനുമതി ലഭിച്ചതെങ്കിലും പട്ടികജാതി വകുപ്പിന്റെ കൂടി സഹായത്തോടെ 12 വീടുകളാക്കി ഉയർത്തി.ഫ്ലാറ്റിനോട് ചേർന്ന് 10 സെന്റ് സ്ഥലം കൂടി വാങ്ങിയിട്ടുണ്ട്. ഇവിടെയും പട്ടികജാതി വിഭാഗത്തിനായി ഫ്ളാറ്റ് നിർമ്മിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അർഹരെ ഒഴിവാക്കി അനർഹർക്ക് ഫ്ളാറ്റ് അനുവദിച്ചുവെന്ന ആക്ഷേപം നിലനിൽക്കേയായിരുന്നു ഉദ്ഘാടനം. കോൺഗ്രസും ബി.ജെ.പിയുമാണ് ആക്ഷേപവുമായെത്തിയത്. വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കുഞ്ഞുമുഹമ്മദ് സെയ്താലി, അഭിലാഷ് അശോകൻ, പൗളി ജോണി, കാജ മൂസ, പ്രീത റെജികുമാർ, ബീന ബാബു എന്നിവർ പങ്കെടുത്തു.
കുടുംബമില്ല, ഒഴിവാക്കി
എസ്.സി മോർച്ചയുടെ പ്രതിഷേധം
കീഴ്മാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകൾ രാഷ്ട്രീയ സ്വാധീനത്തിൽ അനർഹരായവർക്ക് നൽകിയതായി ആരോപിച്ച് എസ്.സി മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ മാർച്ചും ധർണയും നടത്തി.
അർഹതാപട്ടികയിൽ നിന്നും അവസാനനിമിഷം ഒഴിവാക്കിയ അശോകപുരം കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പങ്കജാക്ഷിയും 'എനിക്ക് വേണം വീട്' എന്ന പോസ്റ്ററുമായി സമരത്തിനെത്തി. അവിവാഹിതയായ പങ്കജാക്ഷി തനിച്ചാണ് താമസിക്കുന്നതെന്ന കുറ്റം പറഞ്ഞാണ് പട്ടികയിൽ നിന്നും നീക്കിയതെന്നതാണ് വിചിത്രം. 12 കുടുംബങ്ങൾക്കായി 22 പേരുടെ പട്ടികയാണ് പഞ്ചായത്ത് തയ്യാറാക്കിയത്. ഇതിൽ പത്താം സ്ഥാനക്കാരിയായിരുന്നു പങ്കജാക്ഷി. അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിന്റെ കാരണം തിരക്കിയപ്പോഴാണ് തനിച്ച് താമസിക്കുന്നയാൾക്ക് ഫ്ളാറ്റ് നൽകേണ്ടെന്ന വിചിത്ര തീരുമാനം പഞ്ചായത്ത് സ്വീകരിച്ചത് അറിഞ്ഞത്.
ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബേബി നമ്പേലി അദ്ധ്യക്ഷത വഹിച്ചു. ബിനു മുട്ടം, വിജയൻ മുളംകുഴി, എ.എസ്. സാലിമോൻ, രാജീവ് മുതിരക്കാട്, അജിതാ സുമേഷ്, കെ.ജി. സന്തോഷ്, സുരേഷ് കാട്ടുകുഴി എന്നിവർ നേതൃത്വം നൽകി.