പാറശാല:കുളത്തിലേക്ക് മഴവെള്ളമെത്തിയിരുന്ന ഓട സ്വകാര്യ വ്യക്തി മതിൽകെട്ടി അടച്ചതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രികർക്ക് ദുരിതമായി. കുന്നത്തുകാൽ പഞ്ചായത്ത് ആഫീസിന്റെ മൂക്കിൻ
തുമ്പത്ത് കുന്നത്തുകാൽ വെള്ളറട റോഡിൽ കാരക്കോണം ജംഗ്ഷന് സമീപമാണ് വെള്ളം കെട്ടിനിന്ന് റോഡ് കുളം പോലെയായത്. മതിൽ കെട്ടിയതോടെ ഇതുവഴി ഒഴുകിയിരുന്ന വെള്ളമായിരുന്നു തൊട്ടടുത്തെ ഇരട്ടക്കുളത്തിൽ
നിറഞ്ഞിരുന്നത്. രണ്ടര ഏക്കർ വിസ്തൃതിയുള്ള പൊതു കുളത്തിന്റെ ചുറ്റുമുണ്ടായിരുന്ന പല ഓടകളും ഇത്തരത്തിൽ മതിൽ കെട്ടിയും മണ്ണിട്ടും അടച്ചതോടെ ഇരട്ട കുളത്തിലേക്ക് വെള്ളം എത്താതായി. ഒരുകാലത്ത് താലൂക്കിലെ തന്നെ പ്രധാന നീന്തൽ കുളമായിരുന്ന ഇരട്ടക്കുളം ഇതോടെ കാടു മൂടിയ നിലയിലായി. കുളം ശുചീകരിച്ച് ജലമെത്തിച്ച് നീന്തൽക്കുളമായി പുനഃരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും കുളവും ജല സ്രോതസും സംരക്ഷിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പരിസരവാസികൾ മാലിന്യം നിക്ഷേപിക്കുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും ദിനം പ്രതി വർദ്ധിക്കുകയാണ്.