മുക്കം: ഹോട്ടലിൽ ജോലിയ്ക്കു പോകാനിറങ്ങിയ വൃദ്ധയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പീഡനത്തിനും കവർച്ചയ്ക്കും ഇരയാക്കി കൈകാലുകൾ ബന്ധിച്ച് ഉപേക്ഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി മുജീബ് റഹ്മാനും മറ്റു പ്രതികളായ സൂര്യപ്രഭയ്ക്കും ജമാലുദ്ദീനുമെതിരെയാണ് മുക്കം പൊലീസ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതി മുജീബ് റഹ്മാൻ ചോമ്പാല അഴിയൂർ നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയിൽ മുക്കത്തിനടുത്തെ മുത്തേരിയിൽ നിന്ന് വൃദ്ധയെ കയറ്റി. വഴിമദ്ധ്യേ വൃദ്ധയെ ആക്രമിച്ചു ബോധം കെടുത്തി കാപ്പുമലയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കത്രിക കാട്ടി കുത്തി കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കൈയും കാലും കേബിൾ വയർ കൊണ്ട് കെട്ടിയിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഒരുപവൻ തൂക്കമുള്ള സ്വർണ്ണമാലയും കാതിലുണ്ടായിരുന്ന കമ്മലും പിടിച്ചു പറിക്കുകയും മൊബൈൽ ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗ് മോഷ്ടിക്കുകയും ചെയ്തു. ഓർമ്മ നഷ്ടപ്പെട്ട ഇവരിൽ നിന്നും കാര്യമായ തുമ്പൊന്നും ആദ്യം പൊലീസിന് കിട്ടിയിരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫിന്റെ മേൽനോട്ടത്തിൽ മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. നൂറ്റിപ്പത്തോളം സി.സി.ടി.വി കാമറകളും എഴുപതോളം ഓട്ടോറിക്ഷകളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ സംഘത്തിനു പ്രതിയെകുറിച്ചു സൂചന ലഭിച്ചത്.
സംഭവ ദിവസം രാവിലെ ആറുമണിയോടെ മുത്തേരി അങ്ങാടിയിൽ നിന്നും യുവതിയുടെ മാല ഓട്ടോറിക്ഷയുമായി വന്ന ഒരാൾ പൊട്ടിച്ചുകടന്നുകളയാൻ ശ്രമിച്ചതായുള്ള മൊഴി നിർണായകമായി. ഇതേ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികളെ കുറിച്ചു അന്വേഷണം നടത്തിയതിൽ പ്രതികളുടെ ഫോട്ടോ വൃദ്ധയെ കാട്ടിയതോടെ മുജീബ് റഹ്മാനെ തിരിച്ചറിയുകയായിരുന്നു. അതിനിടെ മുക്കത്ത് സഹോദരങ്ങളായ സൂര്യപ്രഭയുടെയും ചന്ദ്രശേഖരന്റെയും കയ്യിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടിയതും കേസിൽ നിർണായകമായി. കഞ്ചാവ് കേസിൽ പിടിയിലായ പ്രതികൾക്ക് വൃദ്ധയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി മുജീബുമായി അടുപ്പമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മുജീബ് റഹ്മാനെ അന്വേഷണ സംഘം ഓമശ്ശേരിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ തൊണ്ടയാട് മേൽപ്പാലത്തിന് അടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്വർണ്ണാഭരണങ്ങൾ കൂട്ടുപ്രതികളായ സൂര്യപ്രഭയും ജമാലുദ്ദീനും ചേർന്ന് കൊടുവള്ളിയിലുള്ള ജൂവല്ലറിയിൽ വിൽപ്പന നടത്തിയിരുന്നു. ഇനി പിടികൂടാനുള്ള പ്രതികളിലൊരാളായ ജമാലുദ്ദീൻ ബംഗളൂരുവിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.