കടയ്ക്കാവൂർ: കടയക്കാവൂർ പഞ്ചായത്ത് നാലാംവാർഡിലെ കാരാംകുന്ന്-പള്ളിമുക്കു റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം. നാട്ടുകാരുടെ ശ്രമഫലമായി 3.87 ലക്ഷം രൂപ ചെലവഴിച്ചാണ് വർഷങ്ങൾക്ക് മുൻപ് റോഡ് നിർമ്മിച്ചത്. ഈ റോഡാണ് അധികൃതരുടെ അവഗണനയിൽ തകർന്ന് തരിപ്പണമായത്. പല സ്ഥലങ്ങളിലും ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു.
കാരാംകുന്ന് നിന്ന് പളളിമുക്കിലേക്ക് വരുന്ന ഭാഗത്തെ വളവിലാണ് വലിയ പ്രശ്നം സൃഷ്ടിക്കുന്നത്. റോഡിന്റെ ഒരു വശത്ത് 15 അടിയോളം താഴ്ചയാണ്. ഇവിടെ സംരക്ഷണ വേലിയോ തെരുവുവിളക്കുകളോ സ്ഥാപിക്കാത്തതും അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
പള്ളിമുക്ക്, നിലയ്ക്കാമുക്ക് പ്രദേശവാസികൾ കീഴാറ്റിങ്ങൽ ആശുപത്രിയിലും ആറ്റിങ്ങലും പോകുന്നതിന് ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. മൂന്ന് കിലോമീറ്ററാണ് റോഡ് ഉപയോഗിക്കുമ്പോൾ യാത്രാലാഭം. കാരാംകുന്ന്, കീഴാറ്റിങ്ങൽ പ്രദേശങ്ങളിലുള്ളവർക്ക് കടയ്ക്കാവൂരെത്തുന്നതിനുള്ള എളുപ്പവഴിയും ഈ റോഡാണ്. എന്നാൽ ഇതൊന്നും അധികൃതർ മാത്രം ഗൗനിക്കുന്നില്ല. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും റീ ടാറിംഗ് നടത്തിയും തെരുവ് വിളക്കുകളും സംരക്ഷണ വേലിയും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.