തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി. ജയരാജന്റെയും രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. രാവിലെ 10.30 മുതൽ പ്രതിഷേധങ്ങൾ സെക്രട്ടേറിയറ്റിലേക്ക് ഇരമ്പിയെത്തി. പ്രവർത്തകരെ പൊലീസ് ലാത്തി വീശിയും ജലപീരങ്കിയും ഗ്രനേഡും കണ്ണീർവാതകവും ഉപയോഗിച്ച് നേരിട്ടതോടെ സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. എം.ജി റോഡിൽ നാലു മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. ആദ്യമെത്തിയ യുവജനതാദളും പിന്നീടെത്തിയ എസ്.ഡി.പി.ഐയും ബാരിക്കേഡ് തള്ളി നീക്കി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജ്വലിച്ച് യൂത്ത് കോൺഗ്രസ്
12ഓടെയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും നിരവധി തവണ ഏറ്റുമുട്ടി. പൊലീസിനു നേരെ പ്രവർത്തകർ കല്ലും കമ്പും എറിഞ്ഞതിന് പിന്നാലെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും ജലപീരങ്കിയുമടക്കം പ്രയോഗിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും പൊലീസ് ലാത്തി ഉപയോഗിച്ച് നേരിട്ടു. ശബരിനാഥിന്റെ തലയ്ക്ക് പരിക്കേറ്റു. ആറു പ്രവർത്തകർക്കും പരിക്കുണ്ട്. മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇവരെ വിരട്ടിയോടിക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. ചില പ്രവർത്തകർ കൊടിയുമായി പൊലീസ് വാഹനത്തിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. പിന്നാലെ നേതാക്കളെത്തി ഇവരെ താഴേയിറക്കി. ഇവരെ പിടികൂടാൻ പൊലീസ് ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പ്രതിഷേധം നിയന്ത്രിക്കാനെത്തിയ കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് കൂടുതൽ പൊലീസെത്തി എം.എൽ.എമാർ അടക്കമുള്ളവരെ അറസ്റ്റുചെയ്‌തു നീക്കി. പരിക്കേറ്റ എൻ.എസ്. നുസൂർ, കിരൺ ഡേവിഡ്, റജിറഷീദ്, നേമം ജമീർ, മഹേഷ്, കുര്യാത്തി അജയ് എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പിന്മാറാതെ യുവമോർച്ച
യൂത്ത് കോൺഗ്രസിന് പിന്നാലെ യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നഗരസഭാ കൗൺസിലറും യുവമോർച്ച ജില്ലാ സെക്രട്ടറിയുമായ ആശാനാഥിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് താഴെയിറക്കി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. പിന്നാലെ ലാത്തിവീശി. സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷണനും മറ്റ് പ്രവർത്തകർക്കും മർദ്ദനമേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വൈസ് പ്രസിഡന്റ് കരമന അജിത്ത്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തിൽ എം.ജി റോഡും ഉപരോധിച്ചു. ജെ.ആർ. അനുരാജ്, അഭിജിത്, ആശാനാഥ്, കവിത, വിപിൻ തൃപ്പലവൂർ, ശ്രീരാഗ്, അറന്നൂർ അഖിൽ, വിനോദ് വാവ, മഞ്ജുനാഥ്, അരുൺ വർക്കല, അഖിൽ വർക്കല, ശങ്കർ നേമം, രാം നായർ, ശ്രീജേഷ് അരുവിക്കര, അരവിന്ദ് പൂവച്ചൽ, അഖിൽ പനയറ, ആകാശ് വർക്കല എന്നിവർക്കാണ് പരിക്കേറ്റത്.