വിതുര: റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു ആദിവാസികളും, റസിഡന്റ്‌സ് അസോസിയേഷനും സമരത്തിനൊരുങ്ങുന്നു. തൊളിക്കോട് പഞ്ചായത്തിലെ രണ്ട് പ്രധാന ആദിവാസി ഊരുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊൻപാറ - ചെരുപ്പാണി റോഡാണ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും സമരം നടത്താൻ പോകുന്നത്. ആദിവാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചു അര നൂറ്റാണ്ട് മുൻപാണ് പൊൻപാറയിൽ നിന്നും ചെരുപ്പാണിയിലേക്ക് റോഡ് നിർമിച്ചത്. ഇതിനിടയിൽ രണ്ട് തവണ ടാറിംഗ് നടത്തിയെങ്കിലും പിന്നീട് അനക്കമില്ലാതായി. റോഡ് നിശേഷം തകർന്നിട്ട് പത്തു വർഷം കഴിഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മാറി മാറി വരുന്ന സർക്കാരുകൾക്ക് ആദിവാസികൾ അനവധി പ്രാവശ്യം നിവേദനം നൽകിയിട്ടുണ്ട്. നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു.
മഴക്കാലമായതോടെ റോഡ് കൂടുതൽ തകർന്നു. കാൽനടയാത്രയും വാഹനയാത്രയും അതീവ ദുഷ്കരമായി. അപകടങ്ങൾ പതിവായി. ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽ പതിച്ചു മറിഞ്ഞു അനവധി പേർക്ക് പരിക്കേറ്റ സംഭവവുമുണ്ട്. റോഡിന്റെ തകർച്ച മൂലം വാഹനങ്ങൾ ഓട്ടം വിളിച്ചാൽ എത്താൻ വിമുഖത കാട്ടുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും പ്രദേശവാസികൾ തീരുമാനിച്ചു. റോഡ് നന്നാക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടു കെ.എസ്. ശബരീനാഥൻ എം.എൽ.എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനും നിവേദനം നൽകിയിട്ടുണ്ട്.