df

തിരുവനന്തപുരം /വർക്കല: വർക്കല വെട്ടൂർ കയറ്റാഫീസ് ജംഗ്ഷന് സമീപം ശ്രീലക്ഷ്‌മിയിൽ ശ്രീകുമാറിനെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് നയിച്ചത് കരാർ പണിയിൽ സബ് കോൺട്രാക്ടറായ സുഹൃത്തിന്റെ ചതിയും പിന്നാലെയുണ്ടായ കടബാദ്ധ്യതയുമാണെന്ന് പ്രാഥമിക വിവരം. ബാങ്കിൽ നിന്നുള്ള ജപ്‌തി ഭീഷണി കൂടി വന്നതോടെയാണ് മൂന്നംഗകുടുംബം കടുംകൈ ചെയ്‌തതെന്നാണ് വിവരം. ഡിഫൻസിലെ കരാറുകാരനായ ശ്രീകുമാർ പാങ്ങോട് കേന്ദ്രമായുള്ള എം.ഇ.എസിന്റെ (മിലിട്ടറി എൻജിനിയറിംഗ് സർവീസ്) കോൺട്രാക്ടറാണ്‌. കൃത്യസമയത്ത് കരാർ ജോലികൾ പൂർത്തിയാക്കി കൈമാറുന്ന പ്രകൃതക്കാരനാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ പിതാവും വർഷങ്ങളായി ഡിഫൻസിലെ കരാറുകാരനായിരുന്നു. അടുത്തിടെ എം.ഇ.എസിന്റെ ആക്കുളത്തുളള കരാർ പണി ഏറ്റെടുത്ത ശ്രീകുമാർ അത് പതിവുപോലെ സബ് കോൺട്രാക്ടറായ സുഹൃത്തിന് നൽകി. എന്നാൽ അയാൾ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ പണികൾ പൂർത്തീകരിക്കാൻ ശ്രീകുമാറിന് ബാങ്ക് വായ്‌പ കൂടാതെ കടവും വാങ്ങേണ്ടിവന്നു. പണി പൂർത്തിയാക്കിയതിൽ കാലതാമസമുണ്ടായതോടെ യഥാസമയം ബില്ല് മാറിയില്ല. കടംകൊടുത്തവരും വായ്‌പയെടുത്ത ബാങ്ക് അധികൃതരും ഉൾപ്പെടെ ശ്രീകുമാറിനെ മാനസിക സമ്മർദത്തിലാക്കി. ആഴ്ചകൾക്ക് മുമ്പ് ഒരു സ്വകാര്യ ബാങ്കിന്റെ വാഹനം ശ്രീകുമാറിന്റെ വീടിന്റെ മുൻവശത്തെത്തുകയും ഉദ്യോഗസ്ഥർ വീടിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തതായി അയൽവാസികൾ പറയുന്നു.

വീട് വില്പന നടന്നില്ല, കണക്കുകൂട്ടൽ

തെറ്റിച്ച് കൊവിഡ്
---------------------------------------------------------

കടബാദ്ധ്യത തീർക്കാൻ ശ്രീകുമാറിന്റെ വസ്‌തുവും വീടും കൂടാതെ വീടിന്റെ മുൻവശത്തുള്ള 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമം നടത്തി. 10 സെന്റ് വസ്‌തുവിലുള്ള ഇരുനില വീട്ടിലാണ് ശ്രീകുമാർ താമസിച്ചിരുന്നത്. ഒരുകോടിയോളം രൂപ വിലമതിപ്പുള്ള വീടും വസ്‌തുവുമാണിത്. താമസിക്കുന്ന വീടിന്റെ മുൻവശത്തുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊവിഡ് കാലത്ത് വാങ്ങാനെത്തിയവർ വിലകുറച്ച് പറഞ്ഞതോടെയാണ് ശ്രമം പാഴായത്. തിരുവനന്തപുരം കിള്ളിപ്പാലത്ത് ശ്രീകുമാറിന് ഫോർ ഫില്ലേഴ്സ് എന്ന ബിൽഡിംഗിൽ സ്വന്തമായി ഫ്ളാറ്റുണ്ട്. 8 വർഷം മുമ്പ് ഏകദേശം 45 ലക്ഷം രൂപ മുടക്കിയാണ് ഫ്ലാറ്റ് വാങ്ങിയത്. കടബാദ്ധ്യതയ്‌ക്കിടെ ചെന്നൈ ആസ്ഥാനമായുള്ള ഒരു ബാങ്ക് വായ്‌പ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരികയും ബാങ്കിൽ വായ്‌പ പാസായതായും വിവരമുണ്ട്. ഇതിനിടെ കൊവിഡ് മഹാമാരി വന്നതോടെ തുടർ നടപടികൾക്കായി ശ്രീകുമാറിന് ചെന്നൈയിലേക്ക് പോകാൻ കഴിഞ്ഞില്ല. അടുത്തയാഴ്ച ഇതിന്റെ ആവശ്യങ്ങൾക്കായി പോകേണ്ടതുണ്ടെന്ന് ശ്രീകുമാർ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു.