കിളിമാനൂർ:വർഷങ്ങളായി വാടക കെട്ടിടത്തിൽ വീർപ്പുമുട്ടിയിരുന്ന നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമായി. നഗരൂർ ജഗ്ഷന് സമീപം ആൽത്തറമൂട് പഴയ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചത്. 50 ലക്ഷം രൂപ ചെലവിലാണ് ആർദ്രം പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിർമ്മാണം. പഞ്ചായത്തിന്റെ 30 സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ
രോഗികൾക്കുള്ള കാത്തിരിപ്പുകേന്ദ്രം, രജിസ്ട്രേഷൻ കൗണ്ടർ, നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടേഴ്സ് റൂം, ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട്.
തിങ്കൾ, ശനി ദിവസങ്ങളിൽ ജീവിതശൈലീരോഗ ക്ലിനിക്, ബുധനാഴ്ച പാലിയേറ്റിവ് ക്ലിനിക്, വ്യാഴാഴ്ച മാനസികരോഗ ചികിത്സ, കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ക്ലിനിക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. നാട്ടുകാരുടെ നീണ്ടനാളായുള്ള സ്വപ്നമാണ് കെട്ടിടം യാഥാർത്ഥ്യമായതോടെ പൂവണിഞ്ഞത്. നഗരൂരിന് സമീപത്ത് നിന്നുതിരിയാൻ പോലും ഇടമില്ലാത്ത കെട്ടിടത്തിലാണ് നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. നാല് മുറികളുള്ള പഴയവീട്ടിൽ ജീവനക്കാരും രോഗികളും ഒരുപോലെ ബുദ്ധിമുട്ടിയിരുന്നു. ആശുപത്രിയുടെ സ്റ്റോർ റൂമാകട്ടെ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു.
ഉണ്ടായിരുന്നത് അപര്യാപ്തതകൾ മാത്രം
പഴയ ആശുപത്രിയിൽ രോഗികൾക്കായി പുറത്തൊരു വരാന്തമാത്രമാണ് ഉള്ളത്. വളരെ കുറച്ച് രോഗികൾക്ക് മാത്രമേ ഇവിടെ നിൽക്കാനാകൂ. ജീവനക്കാരാകട്ടെ ഇരിപ്പിടം പോലുമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയിലും. നഗരൂർ പഞ്ചായത്തിലെ ഏക ജീവിതശൈലീ രോഗനിർണയ കേന്ദ്രമായ ഇവിടെ പ്രതിദിനം മുന്നൂറോളം രോഗികളാണ് എത്തുന്നത്. അൻപത് പേരെ പോലും ഉൾക്കൊള്ളാൻ പറ്റാത്ത കെട്ടിടത്തിൽ രോഗികളുടെ തിരക്ക് ഉന്തിലും തള്ളിലും കലാശിക്കും. പതിനാറ് സ്ഥിരം ജീവനക്കാരും രണ്ട് താല്കാലിക ജീവനക്കാരുമുള്ള ആശുപത്രിയിൽ വസ്ത്രം മാറാൻപോലും സൗകര്യമില്ലാത്തതും മറ്റൊരു പ്രശ്നമായിരുന്നു.
സുരക്ഷാപ്രശ്നങ്ങളും ഏറെ
ചെറിയ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകൾക്കു പോലും സുരക്ഷ ഇല്ലാത്ത അവസ്ഥയാണ് പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. മറ്റ് രോഗങ്ങളുള്ളവരോടൊപ്പമാണ് കുട്ടികളുടെ കുത്തിവയ്പും നടത്തിയിരുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തുന്നവർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ ആർദ്രം പദ്ധതിയുടെ ഗുണഫലങ്ങളും ആശുപത്രിക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സർക്കാരിന്റെ ആരോഗ്യ രംഗത്തെ മികവിന്റെ മറ്റൊരു ഉദാഹരണമാണ് നഗരൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. ഈ മാസം തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്യും.
( ബി.സത്യൻ.എം.എൽ.എ )