ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺവീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ് ഈ കുടുംബം. എല്ലാവർക്കും യൂട്യൂബ് ചാനലുകളുമുണ്ട്. കഴിഞ്ഞ ദിവസം സിന്ധുകൃഷ്ണ യൂട്യൂബിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. നാലു പെൺമക്കളെ വളർത്തി വലുതാക്കിയ അനുഭവങ്ങളെ കുറിച്ചും പാരന്റിംഗിനെ കുറിച്ചുമൊക്കെയുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സിന്ധു കൃഷ്ണ വീഡിയോയിൽ. എന്താണ് മക്കളോട് ആവർത്തിച്ചുപറയാറുള്ള ഒരു ഉപദേശം എന്നായിരുന്നു ഒരു പ്രേക്ഷകയുടെ ചോദ്യം. അതിനു സിന്ധു നൽകിയ മറുപടിയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്.
"കഠിനാധ്വാനം ചെയ്ത് ഒരു പൊസിഷനിൽ എത്തണമെന്നാണ് ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുള്ളത്. ജീവിതത്തിൽ ഇൻഡിപെഡന്റ് ആയിരിക്കണം, സാമ്പത്തികപരമായും സ്വതന്ത്രയായിരിക്കണം. ഒരു പെൺകുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കിൽ ഒരു നല്ല ജോലി വേണം, അവൾ സ്വയം സമ്പാദിക്കണം." സിന്ധു കൃഷ്ണ പറയുന്നു.
"ഓരോ പെൺകുട്ടിയും കരിയർ വുമൺ ആവണം. സമൂഹത്തിലും വിവാഹശേഷം ഭർത്താവിന്റെ മുൻപിലും കുഞ്ഞുങ്ങളുടെ മുന്നിലുമെല്ലാം ഒരു ആദരവ് വേണമെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ഒരു ജോലിയും സാമ്പത്തിക സുരക്ഷയും ഉണ്ടായിരിക്കണം. എനിക്കൊരു ചുരിദാർ വാങ്ങി തരാമോ ചേട്ടാ എന്ന് ഭർത്താവിനോട് ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ആവശ്യമുള്ള കാര്യങ്ങൾ സ്വയം വാങ്ങാൻ കഴിയണം..."
'പെൺകുട്ടികൾ ബുദ്ധിപൂർവ്വം പെരുമാറണം. മധുരവാക്കുകൾ ആളുകൾ പറയുമ്പോൾ അതിൽ വീണുപോവരുത്. ആളുകളെ ജഡ്ജ് ചെയ്യാൻ അറിയണം. അപകടകരമായൊരു ലോകമാണ്. ആരാണ് നമ്മുടെ ശത്രു, മിത്രം എന്നറിയാൻ പറ്റില്ല. അതൊക്കെ മനസ്സിലാക്കി, ശ്രദ്ധയോടെ മുന്നോട്ടു പോവണമെന്ന് ഞാനവരോട് പറയാറുണ്ട്. ഇതെല്ലാം ഞാൻ കുട്ടികളോട് പാട്ട് പാടുന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും. എന്റെ അനുഭവങ്ങൾ, കൂട്ടുകാരുടെ അനുഭവങ്ങൾ, അബദ്ധങ്ങൾ ഒക്കെ പറയും… പത്തും പന്ത്രണ്ടും തവണയൊക്കെയാവും ചിലപ്പോൾ ആ കാര്യം പറയുക. അവർക്കത് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ എപ്പോഴെങ്കിലും അതവരുടെ മനസിൽ കയറിയാൽ ഉണ്ടല്ലോ, ജീവിതത്തിൽ എന്നെങ്കിലും സഹായകരമാവും." സിന്ധു കൃഷ്ണ പറയുന്നു. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ 'ലൂക്ക' എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം 'വണ്ണി'ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.