anaswara

മോഡേൺ വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ എന്നിവർ രംഗത്ത്. 'അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്' എന്ന അടിക്കുറിപ്പോടെ, കാൽമുട്ടിന് മുകളിൽ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു സൈബർ പോരാളികളെ പ്രകോപിപ്പിച്ചത്. അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. 'പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ?' , 'എന്ത് വസ്ത്രമാണ് ഇത്..' എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം. നാടൻ വേഷങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേൺ ലുക്കാണ് സോഷ്യൽ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്. അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ളതിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്. ഒടുവിൽ സദാചാര കമന്റുകൾക്ക് മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തി."ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.." എന്ന അടിക്കുറിപ്പോടെ അതേ വേഷം അണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രം അനശ്വര പങ്കുവച്ചരുന്നു. നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർഗ കൃഷ്ണ, എസ്തർ എന്നിവർക്കും വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.