തിരുവനന്തപുരം: സ്വർണക്കടത്ത്, വിദേശ പണമിടപാട് കേസുകളിൽ മന്ത്രി കെ.ടി. ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവി സഞ്ജയ് കുമാർ മിശ്ര വെളിപ്പെടുത്തിയതോടെ, ജലീലും സർക്കാരും കൂടുതൽ പ്രതിരോധത്തിലായി. ജലീൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ് നടത്തിയതെന്നും, അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും ഇ.ഡി മേധാവി വ്യക്തമാക്കി.ജലീലിന് ക്ലീൻചിറ്റില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും ഞായറാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. മൊഴികളും രേഖകളുമായി ഒത്തുനോക്കുകയും, സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളിൽ നിന്ന് വ്യക്തത തേടിയ ശേഷമാവും ജലീലിനെതിരായ അടുത്ത നടപടി. ജലീലിന്റെ മൊഴി എൻ.ഐ.എയ്ക്കും കസ്റ്റംസിനും ഇ.ഡി കൈമാറിയിട്ടുണ്ട്. ഈ ഏജൻസികളും ജലീലിനെ ചോദ്യംചെയ്യും.വിദേശയാത്രകൾ, കോൺസുലേറ്റ് ബന്ധം, കോൺസുൽ ജനറലുമായും സ്വപ്നയുമായുമുള്ള ബന്ധം എന്നിവയിലെല്ലാം ഇ.ഡി വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പല മറുപടികളും തൃപ്തികരമല്ലാത്തതിനാലാണ് ക്ലീൻചിറ്റ് നൽകാത്തത്. നെഞ്ചുവേദനയ്ക്കുള്ള ചികിത്സ കഴിഞ്ഞ സ്വപ്നാ സുരേഷ് ആശുപത്രി വിട്ടാലുടൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഡിപ്ലോമാറ്റിക് കാർഗോയെന്ന് രേഖപ്പെടുത്തി, 250 പായ്ക്കറ്റുകളിലായി 4479കിലോ കാർഗോയാണ് മാർച്ച് നാലിനെത്തിച്ചത്. സി-ആപ്‌റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകൾ. ബാക്കി 218 പായ്ക്കറ്റുകൾ കണ്ടെത്തേണ്ടതുണ്ട്. ഇവയിൽ സ്വർണമോ വിദേശ കറൻസിയോ കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
ചോദ്യം ചെയ്യൽ രണ്ട് ദിവസം
രണ്ടു ദിവസമായാണ് ജലീലിനെ ഇ.ഡി ചോദ്യംചെയ്തതെന്ന് സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴര മുതൽ പതിനൊന്ന് വരെ ചോദ്യംചെയ്ത ശേഷം, വെള്ളിയാഴ്ച രാവിലെ പത്തിന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കോൺസുലേറ്റിൽ നിന്ന് പുറത്തായി ഐ.ടി വകുപ്പിലെ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സ്വപ്നയെ, റംസാൻ റിലീഫ് വിതരണത്തിന് ബന്ധപ്പെട്ടതെന്തിന് എന്നതടക്കം വിവരങ്ങൾ തേടിയിട്ടുണ്ട്.
കണക്കൊപ്പിക്കാൻപുതിയ തന്ത്രം
സി-ആപ്‌റ്റിൽ നിന്ന് പിടിച്ചെടുത്ത മതഗ്രന്ഥം സാമ്പിളാക്കിയുള്ള ഭാരപരിശോധനയിൽ യു.എ.ഇയിൽ നിന്നെത്തിച്ച കാർഗോയിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. എയർവേബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14കിലോഗ്രാമിന്റെ വ്യത്യാസമുണ്ടെന്ന് അന്വേഷണഏജൻസികൾ വെളിപ്പെടുത്തിയതോടെ പുതിയ തന്ത്രവുമായി ജലീൽ രംഗത്തെത്തി.സി-ആപ്‌റ്റിലെത്തിച്ച പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ച് ജീവനക്കാർ മതഗ്രന്ഥമെടുത്തെന്നാണ് വിശദീകരണം. ഇ.ഡി മൊഴിയെടുത്തതിനു പിന്നാലെ, സി-ആപ്‌റ്റ് ഉന്നതരുമായി മന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.