ആറ്റിങ്ങൽ: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത അർഹരായ 122 പേരിൽ 27 പേർക്ക് ആദ്യഘട്ടത്തിൽ നഗരസഭ ഭൂമി വാങ്ങി നൽകി. ഭൂമിയുടെ ആധാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. ഇതോടനുബന്ധിച്ചു നടന്ന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു.
ക്ഷേമ പ്രവർത്തനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസ മേഖലകളിൽ അതീവ ശ്രദ്ധ പുലർത്തുന്ന ആറ്റിങ്ങൽ നഗരസഭ കേരളത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പ്രദീപ്, സെക്രട്ടറി എസ്. വിശ്വനാഥൻ, വാർഡ് കൗൺസിലർ ജി.തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.
നഗരസഭ 701 വീടുകളാണ് ഇതുവരെ നിർമ്മിച്ച് നൽകിയത്. ഇതിൽ 260 വീടുകളും പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കാണ് ലഭിച്ചത്. കൂടാതെ നിരവധി ഭവന പദ്ധതികളിലൂടെ ധനസഹായം ലഭിക്കുകയും എന്നാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതെ മുടങ്ങിയ വീടുകളും നഗരസഭ പുനർ നിർമ്മിച്ച് നൽകി. ഇതോടെ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി നൽകിയ രാജ്യത്തെ ഏക തദ്ദേശ ഭരണസ്ഥാപനം എന്ന പദവിയും ആറ്റിങ്ങൽ നഗരസഭ സ്വന്തമാക്കി.
നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു, എ.റുവൈത്ത്, എസ്.ജമീല, കൗൺസിലർമാരായ സി.ജെ.രാജേഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു, സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.ജയചന്ദ്രൻ, മെമ്പർ സെക്രട്ടറി സോൺസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.
|
|