കൊച്ചി: കൊച്ചി തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസിക്കാം. കടലിൽ പണിക്ക് പോയവരെല്ലാം വല നിറയെ മീനുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. അയല, വറ്റ, നത്തോലി, കിളിമീൻ, ചെമ്മീൻ തുടങ്ങിയ മീനുകളാണ് കൂടുതലായും ലഭിക്കുന്നത്. പക്ഷെ മത്തിയുടെ ലഭ്യത വളരെ കുറവാണ്. കൊവിഡ് നിയന്ത്രണങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പണിക്ക് പോകാൻ സാധിച്ചിരുന്നില്ല. ബോട്ടുകളെല്ലാം കടലിൽ പോകാതിരുന്നതിനാൽ മത്സ്യലഭ്യത വർദ്ധിച്ചു. തുടർച്ചയായി ശക്തമായ മഴ പെയ്തതും മീനുകൾക്ക് മുട്ടയിട്ടു പെരുകാൻ സഹായിച്ചു.വള്ളക്കാർക്കെല്ലാം കൊയ്ത്തുകാലമാണ്. ഒരു ദിവസം 28 ലക്ഷം രൂപയുടെ അയല കിട്ടിയ വള്ളക്കാരുണ്ട്. ട്രോളിംഗ് ബോട്ടുകൾ കടലിൽ പണിക്ക് പോകാതിരുന്നതിനാൽ കടലിന്റെ അടിത്തട്ടിൽ മീനുകൾക്ക് സുലഭമായി വളരാൻ സാധിച്ചു. എന്നാൽ മത്സ്യലഭ്യത വർദ്ധിച്ചെങ്കിലും വിലയിൽ കാര്യമായ പ്രതീക്ഷ അർപ്പിക്കാൻ സാധിക്കുന്നില്ല.
മത്തിക്ക് ക്ഷാമ കാലം
മൺസൂൺ കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി ഇപ്പോൾ കിട്ടാക്കനിയാണ്. എൽനിനോ പ്രതിഭാസമാണ് മത്തിക്ക് പ്രതികൂലമായത്. കടലിന്റെ അടിത്തട്ടിൽ വളരുന്ന സസ്യങ്ങളും പ്ളവകങ്ങളും കുറഞ്ഞതിനാൽ മത്തിക്ക് മുട്ടയിട്ടു പെരുക്കാൻ സാധിക്കുന്നില്ല. സംസ്ഥാന തീരത്തുനിന്ന് പത്തുമുതൽ ഇരുപത് വരെ കിലോമീറ്ററിലാണ് മത്തി കാണപ്പെടുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാർഗമായിരുന്നു മത്തി. മത്തിയുടെ ലഭ്യത കുറഞ്ഞത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാണ്.
അവശ്യങ്ങൾ
1. മത്സ്യത്തൊഴിലാളികൾക്ക് വരൾച്ച സമയത്ത് ധനസഹായമെത്തിക്കണം
2. മണെണ്ണ കൃത്യമായി ലഭ്യമാകാൻ സംവിധാനമൊരുക്കണം
3. മത്സ്യ വില നിർണയത്തിൽ സർക്കാർ ഇടപ്പെടണം
4. മേഖലയിൽ സഹകരണവത്കരണം നടപ്പിലാക്കണം
5. വിപണിയിൽ മത്സ്യ വില കാര്യക്ഷമമാക്കണം
"മത്സ്യത്തൊഴിലാളികൾക്ക് വരൾച്ച പാക്കേജ് അനുവദിക്കണമെന്ന് സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമാണ് ഈ മത്സ്യലഭ്യത."
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി