തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബി.ജെ.പി ആരോപണത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൽ ഔദ്യോഗിക ഭാഷാവിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. ചിത്രയെ സാമൂഹ്യനീതി വകുപ്പിലേക്ക് സ്ഥലം മാറ്റി. വിവാദ ഫയലിന്റെ കാര്യത്തിൽ ഈ ഉദ്യോഗസ്ഥ അനാവശ്യ താത്പര്യം കാട്ടിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഇവർ കൈകാര്യം ചെയ്തിരുന്ന ഫയലായിരുന്നില്ല ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ടുള്ളത്.
വ്യാജ ഒപ്പാണെന്ന ആരോപണം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തള്ളിയിരുന്നു. തന്റെ ഐ പാഡ് ഉയർത്തിക്കാട്ടിയാണ് ഇ-ഫയലിംഗ് സംവിധാനത്തെക്കുറിച്ച് അന്ന് അദ്ദേഹം വാചാലനായത്. ഇങ്ങനെയൊരു ഫയൽ ചോർന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും അന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ അംഗമാണെങ്കിലും ബി.ജെ.പി അനുകൂല എംപ്ലോയീസ് സംഘ് നടത്തിയ അനുമോദനച്ചടങ്ങിൽ ഇവർ പങ്കെടുത്തതും സംഘടനയിൽ ചർച്ചയായിരുന്നു.