egg

കൊച്ചി: കൊവിഡ് കാലത്ത് മുട്ട വിലയിൽ വന്ന ഇടിവ് കണ്ട് മലയാളികൾ അമ്പരന്നു. 100 രൂപയ്ക്ക് 30 മുട്ടയാണ് അന്ന് വഴിയോരങ്ങളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. എന്നാൽ ആ സുവർണ്ണകാലം കഴിഞ്ഞു. തെരുവിൽ നിന്ന് മുട്ടകൾ അപ്രത്യക്ഷമായി. ഒപ്പം വിപണിയിൽ മുട്ട വില ഉയർന്നുതുടങ്ങി. തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിഹിതമായ മുട്ടയാണ് ലോക്ക് ഡൗൺ കാലത്ത് ജില്ലയിലേക്ക് എത്തിയത്. സ്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യാനുള്ള മുട്ടകൾ വേനലവധി കാലത്തു തന്നെ ശേഖരിച്ച് കോൾഡ് സ്റ്റേറേജിൽ സൂക്ഷിച്ചിരുന്നു.. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കൽ നീണ്ടതോടെ സ്റ്റോക്ക് ചെയ്ത മുട്ടകൾ അന്യസംസ്ഥാനങ്ങളിലേക്ക് പ്രയാണം ആരംഭിച്ചു. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലേക്കും കോഴിമുട്ടയെത്തുന്നത്.

ഉത്പാദനം കുറഞ്ഞു

മുട്ടയുടെ ഉത്പാദനം കുറഞ്ഞു. അതിനൊപ്പം ഉപഭോഗവും വർദ്ധിച്ചതും ക്ഷാമത്തിന് കാരണമായി. രാജ്യമൊട്ടാകെ ഇതാണ് അവസ്ഥ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുട്ട വിരിയിക്കാൻ കർഷകർക്ക് കഴിഞ്ഞില്ല. നേരത്തെ ഒരു മുട്ടയ്ക്ക് മൊത്ത വിപണിയിൽ 4 രൂപയും ചില്ലറ വില്പന 5 രൂപയ്ക്കുമായിരുന്നു. ഇപ്പോൾ അത് 5.30 ഉം 6 രൂപയുമായി വർദ്ധിച്ചു. താറാമുട്ട 7 രൂപയ്ക്ക് ലഭ്യമാണ്. വരുംദിവസങ്ങളിൽ മുട്ടക്ഷാമം രൂക്ഷമാകാനാണ് സാദ്ധ്യത

സി.ജെ.ജോർജ്

മുട്ടവ്യാപാരി, എറണാകുളം മാർക്കറ്റ്