ksrtc
f

തിരുവനന്തപുരം: ഡുണ്ടു,​ ബോസ്,​ മുത്ത്,​ ആരോമൽ,​ മന്ദാഗിനി,​ സൗകര്യ... സ്കൂൾ കുട്ടികളുടെ ഹാജർബുക്കിലെ പേരുകളല്ല. കെ.എസ്.ആർ.ടി.സി നോൺ സ്റ്റോപ്പ് ബസിന് യാത്രക്കാർ നൽകിയ പേരുകളിൽ ചിലതാണ്. യാത്രക്കാർ എവിടെ കൈ കാണിച്ചാലും എവിടെ ഇറങ്ങണമെന്നു പറഞ്ഞാലും നിറുത്തുന്ന ബസുകളാണ് നോൺ സ്റ്റോപ്പ് ഓർഡിനറി ബസുകൾ. ബിജു പ്രഭാകർ എം.ഡിയായ ശേഷം നടപ്പിലാക്കിയ ഈ സർവീസുകൾക്ക് ഉചിതമായ പേരു നിർദ്ദേശിക്കാൻ യാത്രക്കാരോടു ആവശ്യപ്പെട്ടിരുന്നു. കോർപറേഷന്റെ ഫേസ്ബുക്ക് പേജിലാണ് പേര് നിർദ്ദേശിക്കേണ്ടത്.

രണ്ടു ദിവസത്തിനുള്ളിൽ കിട്ടിയത് തൊള്ളായിരത്തോളം പേരുകൾ. ജനപ്രിയ,​ ജനമൈത്രി,​ ജനഹിത എന്നിങ്ങനെയുള്ള പേരുകളും നിർദ്ദേശിച്ചിട്ടുണ്ട്. തെന്നൽ,​ സഹായി,​ മിത്രം,​ പടിക്കൽ,​ സഹചാരി,​ സ്വപ്ന സഞ്ചാരി,​ വാമനൻ,​ ചങ്ക്,​ ആനവണ്ടി,​ ആനക്കുട്ടൻ,​ എക്സ്ട്രാ ഓർഡിനറി,​ ആൾ ലിമിറ്റഡ് സ്റ്റോപ്പ് സർവീസിനെ ചുരുക്കി 'ഉൾസ്',​ അവിരാമം എന്നിങ്ങനെയാണ് മറ്റ് പേരുകൾ.

സവാരിഗിരി ഗിരി എന്ന സിനിമാ ഡയലോഗും,​ പ്രജാപതി,​ നിന്നിഷ്ടം എന്നിഷ്ടം,​ ഒറ്റയാൻ തുടങ്ങിയ സിനിമാ പേരുകളും കൂട്ടത്തിലുണ്ട്. എല്ലായിടത്തും നിറുത്തി പോകുന്ന ബസിന്റെ വേഗതയെ കളിയാക്കി ഒച്ച്,​ ആമച്ചേട്ടൻ തുടങ്ങിയ പേരുകളും ചില സരസന്മാർ ചേർത്തിട്ടുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പരിഹാസവും സ്റ്റോപ്പില്ലാത്തിടത്ത് ബസ് പെട്ടെന്നു നിറുത്തിയാൽ പിന്നിലായി വരുന്ന വാഹനങ്ങൾ ഇടിക്കില്ലേ തുടങ്ങിയ കമന്റുകളും കിട്ടിയിട്ടുണ്ട്.

 പേരിടൽ അടുത്ത ആഴ്ച

നി‌ർദ്ദേശിച്ച പേരുകളിൽനിന്ന് കെ.എസ്.ആർ.ടി.സി ചില പേരുകൾ തിരഞ്ഞെടുക്കും. അതിൽ നിന്ന്‌ അന്തിമമായി ഏതു പേര് വേണമെന്ന തീരുമാനവും യാത്രക്കാർക്കു വിടും. ഫേസ്ബുക്ക് പേജിൽ ഏറ്റവും കുടുതൽ പിന്തുണ കിട്ടുന്ന പേരായിരിക്കും സർവീസിന് നൽകുക.

 ഇപ്പോൾ 93, ഇനി 150

ഇപ്പോൾ 93 സർവീസുകളാണ് നോൺ സ്റ്റോപ്പ് ഓർഡിനറിയായി നടത്തുന്നത്. അത് 150 ആക്കാനാണ് തീരുമാനം.