നെടുമങ്ങാട് : ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്റെ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാൽനൂറ്റാണ്ടു കാലം തുടർച്ചയായി അംഗമായതിനുള്ള മികവാർന്ന അംഗീകാരമായി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന കൺവീനറായും ശ്രദ്ധേയമായ പ്രവർത്തനമാണ് ജയൻ കാഴ്ച വച്ചിട്ടുള്ളത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് കടന്നുവന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം, നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറി, നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.തലസ്ഥാന ജില്ലയിൽ നിന്ന് പുതിയതായി കടന്നു വന്ന നാല് കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർമാരിലൊരാളാണ് ആനാട് ജയൻ.