ds

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ എസ്.ഡി.പി.ഐ.പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണവം സി.ഐ. കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.കണ്ണവം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് ബൈക്ക് കണ്ടെത്തിയത്.

സംഭവത്തിനു ശേഷം ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ സൂചനകൾ. കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് എസ്.ഡി.പി.ഐ.പ്രവർത്തകനായ കണ്ണവത്തെ സയ്യിദ് സലാഹുദ്ദീനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിൽ ഏർപ്പെട്ട പ്രതികളെ പ്രത്യേക അന്വേഷണ സംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആർ.എസ്.എസ്. പ്രവർത്തകരായ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേ സമയം പ്രധാനപ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റു ചെയ്യാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കണ്ണവം വനമേഖലയിലുൾപ്പെടെ പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കാണാമറയത്താണ് പ്രതികൾ.