തിരുവനന്തപുരം: മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ട് വിവിധ യുവജനസംഘടനകൾ നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് അതിക്രമം പകർത്താനൊരുങ്ങിയ "കേരളകൗമുദി"ഫോട്ടോഗ്രാഫർക്ക് നേരെ പൊലീസ് കൈയേറ്റം.
തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ നിശാന്ത് ആലുകാടിന് നേർക്കായിരുന്നു അക്രമം. സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിനു മുന്നിൽ യുവമോർച്ചയുടെ സമരത്തിൽ പങ്കെടുത്ത നഗരസഭാ കൗൺസിലർമാരെ പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് പകർത്താൻ ശ്രമിച്ചപ്പോഴാണ് കൺട്രോൾ റൂം സി.ഐ പൃഥിരാജ് നിശാന്തിനെ കഴുത്തിന് പിടിച്ചമർത്തി തള്ളിയത്. "നിന്നെയൊന്നും ഫോട്ടോയെടുക്കാൻ സമ്മതിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു " കൈയേറ്റം.മുന്നോട്ട് നീങ്ങാൻ ശ്രമിച്ച നിശാന്തിനെ പൊലീസ് ഉദ്യോഗസ്ഥൻ ബാരിക്കേഡിലേക്ക് ചേർത്ത് നിറുത്തി അമർത്തി. ഐ.ഡി കാർഡ് കാണിച്ചെങ്കിലും പൊലീസുകാരൻ ചെവികൊണ്ടില്ല. മറ്റ് ഫോട്ടോഗ്രാഫർമാർ പാഞ്ഞെത്തിയപ്പോഴാണ് പൊലീസ് പിൻമാറിയത്.പൊലീസ് അസോസിയേഷൻ നേതാവാണ് മർദ്ദനത്തിന് മുതിർന്ന പൃഥിരാജ്.