തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ അകപ്പെട്ട് സർക്കാർ ഉഴലുകയാണെന്നും അതിനെ നേരിടാനുള്ള തത്രപ്പാടിൽ സംസ്ഥാനത്ത് ഭരണ സ്‌തംഭനമാണെന്നും വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും സർക്കാർ അഴിമതികളിലും പ്രതിഷേധിച്ച് പാളയം, വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടയ്‌ക്കകം നഗരസഭ സോണൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും 14 കോടി രൂപയുടെ പിഴയാണ് നഗരസഭയ്‌ക്ക് നൽകിയത്. സ്‌മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ പൂർണമായും നഗരസഭ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ധർണയിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം വി. പ്രതാപചന്ദ്രൻ നായർ, ഡി.സി.സി ഭാരവാഹികളായ പാളയം ഉദയകുമാർ, എം.എ. പത്മകുമാർ, മോളി അജിത്, ചാല സുധാകരൻ, വള്ളക്കടവ് നിസാം, തമ്പാനൂർ സതീഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ പി. പത്മകുമാർ, വലിയശാല പരമേശ്വരൻ നായർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്‌മി, നഗരസഭ യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ഗോപാലകൃഷ്ണൻ നായർ, അബനീന്ദ്രനാഥ്, ടോം, മധു, ഖാദർ, കൗൺസിലർ ഷീബ പാട്രിക് എന്നിവർ പങ്കെടുത്തു.