തിരുവനന്തപുരം: കേന്ദ്ര നികുതിവിഹിതം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനുള്ള ഫോർമുല തയ്യാറാക്കുന്നതുൾപ്പെടെയുള്ള 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് അടുത്തമാസം 31ന് രാഷ്ട്രപതിക്ക് സമർപ്പിക്കും. നടപ്പുവർഷം മുതൽ 2025-26 വരെ കാലാവധിക്കുള്ള റിപ്പോർട്ടാണ് എൻ.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ സമർപ്പിക്കുക.
2019-20ലേക്ക് മാത്രമായ റിപ്പോർട്ട് കമ്മിഷൻ നേരത്തേ സമർപ്പിച്ചിരുന്നു. നികുതി വിഹിതത്തിലെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനായിരുന്നു കമ്മിഷന്റെ നിർദ്ദേശം. 14-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ 42 ശതമാനമായിരുന്നു. ഇതാണ് ഒന്നാം മോദി സർക്കാർ സ്വീകരിച്ചത്. കാശ്‌മീരിന് ഒരു ശതമാനം പ്രത്യേക ആനുകൂല്യം നൽകാനാണ് 41 ശതമാനമാക്കിയത്.
സംസ്ഥാനങ്ങൾക്ക്
വേണം 50%
കേന്ദ്ര നികുതിയുടെ 50 ശതമാനം വീതിച്ചുനൽകണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. എന്നാൽ, നിലവിലുള്ള 41 ശതമാനം പോലും ഇനി ലഭിച്ചേക്കില്ലെന്നാണ് സൂചനകൾ. കൊവിഡിൽ കേന്ദ്ര നികുതി വരുമാനം കുറഞ്ഞതാണ് കാരണം.
കൊവിഡ് സാഹചര്യത്തിൽ, കഴിഞ്ഞ റിപ്പോർട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും പുതിയ റിപ്പോർട്ട്. 11-ാം കമ്മിഷൻ 29.5 ശതമാനവും 12-ാം കമ്മിഷൻ 30.5 ശതമാനവും 13-ാം കമ്മിഷൻ 32 ശതമാനവുമാണ് ശുപാർശ ചെയ്‌തിരുന്നത്.