ശാസ്താംകോട്ട : ഐവർകാല പാകിസ്ഥാൻ മുക്കിൽ വസ്ത്രവ്യാപാരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐവർകാല പടിപ്പുര വടക്കതിൽ രജനീഷിനെ കാറിലെത്തിയ പ്രതികൾ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഐവർകാല സ്വദേശി മാഹീൻ(41), അടൂർ സ്വദേശി ഹുസൈൻ (30) , ആദിക്കാട്ടുകുളങ്ങര സ്വദേശി ഹാഷിം (30), പഴകുളം സ്വദേശി ഷാനു (22), ആദിക്കാട്ടുകുളങ്ങര സ്വദേശി നിസാർ (22 ) എന്നിവരെയാണ് കൊല്ലം റൂറൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൊലീസ് പറയുന്നത്: കഴിഞ്ഞ മാസം 29ന് രാത്രി 7.30 ന് പാകിസ്ഥാൻ മുക്കിൽ വച്ച് കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം കടയ്ക്ക് മുന്നിൽ നിന്ന രജനീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. റൂറൽ എസ്പി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ഷാഡോ ടീമംഗങ്ങളും ശാസ്താംകോട്ട പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ശാസ്താംകോട്ട സി.ഐ അനൂപ്, എസ്.ഐ അസീസ്, ഷാഡോ ടീം എസ്. ഐ രഞ്ചു, പ്രൊബേഷൻ എസ്.ഐ സുബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.