വർക്കല : മൂന്നംഗ കുടുംബത്തിന്റെ ദാരുണമായ വിയോഗ വാർത്തകേട്ടാണ് മേൽവെട്ടൂരിൽ ജനങ്ങൾ ഇന്നലെ ഉണർന്നത്. സൗമ്യനായ ശ്രീകുമാറും കുടുംബവും തീകൊളുത്തി മരിച്ചെന്ന വാർത്തയറിഞ്ഞ അയൽവാസികൾ ഞെട്ടിപ്പോയി. നാട്ടുകാരോടെല്ലാം സൗഹാർദ്ദപരമായി ഇടപെടുന്നവരാണ് ശ്രീകുമാറും ഭാര്യ മിനിയും മകൾ അനന്തലക്ഷ്‌മിയും. ശ്രീകുമാറിന്റെ പിതാവ് സോമനും കോൺട്രാക്ടറായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ ഡിഗ്രി നേടിയ ശേഷം ശ്രീകുമാർ മുംബയിൽ നിന്നാണ് കാറ്ററിംഗിൽ ഉപരിപഠനം പൂർത്തിയാക്കിയത്. തുടർന്ന് രണ്ടുവർഷത്തോളം ലണ്ടനിൽ ജോലി ചെയ്‌തു. നാട്ടിലെത്തിയ ശ്രീകുമാർ പിതാവിനൊപ്പം കരാർ പണികളിൽ ഏർപ്പെട്ടു. 25 വർഷമായി പ്രതിരോധവകുപ്പിലെ കരാർ പണികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. ശ്രീകുമാറും ഭാര്യയും മകളുമാണ് ശ്രീലക്ഷ്‌മിയിൽ താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കളോട് കടബാദ്ധ്യതകളെ സംബന്ധിച്ച് ഇവർ സംസാരിച്ചിരുന്നു. പഠിക്കാൻ മിടുക്കിയാണ് മകൾ അനന്തലക്ഷ്‌മി. തമിഴ്നാട് തക്കലയിൽ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ ബി.ടെക് പാസായശേഷം അവിടെ ഗസ്റ്റ് അദ്ധ്യാപികയായും പ്രവർത്തിച്ചു. അതിനുശേഷം മംഗലാപുരത്തെ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ടെക് പഠനം പൂർത്തിയാക്കി. തുടർന്ന് പഞ്ചാബിലെ ലൗലി യൂണിവേഴ്സിറ്റിയിൽ എയ്‌റോ സ്‌പേസ് വിഷയത്തിൽ പി.എച്ച്.ഡി റിസർച്ച് ഫൈനലിന്റെ അവസാന ഘട്ടത്തിലായിരുന്നു അനന്തലക്ഷ്മി. ലോക്ക് ഡൗണിന് മുമ്പാണ് അനന്തലക്ഷ്‌മി നാട്ടിലെത്തിയത്. ശ്രീകുമാറിന്റെ അപ്പച്ചിയുടെ മകളായ ഭാര്യ മിനി ചലപതി എം.എസ്.സി ബിരുദധാരിയാണ്. 28 വർഷം മുമ്പ് വർക്കല ശിവഗിരിയിലായിരുന്നു ഇവരുടെ വിവാഹം. പരേതരായ സോമൻ-പങ്കജം ദമ്പതികളുടെ മകനാണ് ശ്രീകുമാർ. പരേതരായ വെങ്കിടാചലപതിയുടെയും ജഗദമ്മയുടെയും മകളാണ് മിനി ചലപതി.