തിരുവനന്തപുരം: മൂന്നംഗ കുടുംബ തീകൊളുത്തി മരിച്ച സംഭവത്തിൽ ഫയർഫോഴസ് നടത്തിയ സമയോചിതമായ ഇടപെടൽ വലിയൊരു പൊട്ടിത്തെറി ഒഴിവാക്കി. മണെണ്ണ ഒഴിച്ചു തീകൊളുത്തിയതിനാൽ നിയന്ത്രണാതീതമായി തീ പടരുകയായിരുന്നു. കിടപ്പുമുറിക്ക് സമീപത്തെ അടുക്കളയിലേക്ക് തീ പടർന്നിരുന്നെങ്കിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ഗ്യാസ് സ്റ്റൗ മാത്രമാണ് ഇവിടെ ഓഫാക്കിയിരുന്നത്. സിലിണ്ടറിന്റെ നോബ് തുറന്നുവച്ച നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ഇവരുടെ കിടപ്പുമുറിയിൽ നിന്നും തീയും പുകയും നിലവിളിയും സമീപവാസികൾ കേട്ടത്. ഇവരാണ് വർക്കല ഫയർഫോഴ്‌സിൽ വിവരം അറിയിച്ചത്. സ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ ബൈജു, സാബു, വിനോദ്, വിനീഷ്, വിഷ്ണു, അജിൻ, ബിജു, ഷമ്മി, പ്രിയരാഗ്, സുരേഷ് കുമാർ, എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി. വീടിന്റെ മതിൽ ചാടിക്കടന്ന് ബെഡ്‌റൂമിലെ ജനലിന്റെ ചില്ലുകൾ പൊട്ടിച്ചും മുൻവാതിൽ ചവിട്ടിപ്പൊളിച്ചും രണ്ടുമണിക്കൂർ പണിപ്പെട്ടാണ് ഇവർ തീ കെടുത്തിയത്. കിടപ്പുമുറിയിൽ നിന്ന് തീ മറ്റുഭാഗങ്ങളിലേക്ക് പടരാതെ തടയാനും സാധിച്ചു.