തിരുവനന്തപുരം :പ്രൈമറി സ്‌കൂൾ അദ്ധ്യാപക തസ്തികയിൽ നവംബറിൽ നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെ സിലബസിൽ ഒരു മാറ്റവും ഇല്ലെന്ന് പി.എസ്.സി അറിയിച്ചു. 2009, 2016, 2017 വർഷങ്ങളിലെ സിലബസ് തന്നെയാണ് ഇപ്പോഴും.
എൽ.പി ടീച്ചർ പരീക്ഷയ്ക്കുള്ള 100 ചോദ്യങ്ങളും മലയാളത്തിലാണ് . പൊതുവിജ്ഞാനം, സമകാലികം, സാമൂഹ്യശാസ്ത്രം, നവോത്ഥാനം, അടിസ്ഥാനശാസ്ത്രം, ഗണിതം, കുട്ടികളുടെ മന:ശാസ്ത്രം തുടങ്ങി എല്ലാ ചോദ്യങ്ങളും മലയാളത്തിലാണ്. ടി.ടി.സി. യോഗ്യതയുള്ള ഈ തസ്തികയിലുള്ളവർ 1 മുതൽ 7 വരെ ക്ലാസുകളിലെ ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യണം.
പാഠ്യക്രമത്തിൽ ഇംഗ്ലീഷും ഉൾക്കൊള്ളിച്ചതിനാൽ ടി.ടി.സി.ക്കൊപ്പം ബി.എഡ്. ഉളളവരും അപേക്ഷകരായതിനാൽ 90 മാർക്കിന്റെ മലയാള ചോദ്യങ്ങളോടൊപ്പം 10 മാർക്കിന്റെ ഇംഗ്ലീഷും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഗ്രിയുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്.
നിലവിലുള്ള സിലബസ് 2014 ൽ ഡയറ്റ് അദ്ധ്യാപകർ അടങ്ങിയ വിദഗ്ദ്ധർ തയ്യാറാക്കിയതാണ്. തുടർന്നുള്ള വർഷത്തിൽ ബി.എഡ്, ഡി.എഡ്, പാഠ്യപദ്ധതിക്കനുസരിച്ച് സിലബസ് മാറ്റുന്നത് അക്കാഡമിക് വിഭാഗവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും
പി.എസ് .സി അറിയിച്ചു.