തിരുവനന്തപുരം: കോർപറേഷൻ സെക്രട്ടറി ആർ.എസ്. അനുവിനെ സ്ഥാനത്ത് നിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കി. കോർപറേഷൻ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മേയർ കെ. ശ്രീകുമാർ മന്ത്രി എ.സി. മൊയ്‌തീന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കാലം സ്ഥാനത്ത് തുടരാൻ സെക്രട്ടറി പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. അനുവിനെ കുടുംബശ്രീയിൽ സാമൂഹ്യവികസന വിഭാഗം പ്രോഗ്രാം ഓഫീസറാക്കിയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവ് ഇന്നലെ ഉച്ചയോടെയാണ് ഇറങ്ങിയത്. നഗരകാര്യ ഡയറക്ടറേറ്റിലുള്ള മാലിന്യ പരിപാലന സെല്ലിലും അനുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോർപറേഷൻ അഡിഷണൽ സെക്രട്ടറി കെ.യു. ബിനിക്കാണ് പകരം ചുമതല. നാലരവർഷം സെക്രട്ടറിയായിരുന്ന എൽ.എസ്. ദീപയ്‌ക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ആഗസ്റ്റ് 17നാണ് കൊച്ചി കോർപ്പറേഷനിൽ റീജിയണൽ ജോയിന്റ് ഡയറക്ടറായിരുന്ന ആർ.എസ്. അനുവിനെ കോർപറേഷൻ സെക്രട്ടറിയായി നിയോഗിച്ചത്. വാർഡുകളിലെ മാരാമത്തു പണികൾ സംബന്ധിച്ച ഫയലുകൾ സെക്രട്ടറി അനാവശ്യമായി താമസിപ്പിക്കുന്നത് സംബന്ധിച്ച് കൗൺസിലർമാർ മേയർക്ക് പരാതി നൽകിയിരുന്നു.