ffff

തിരുവനന്തപുരം: നഗരത്തിൽ ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാൻ ലോക ബാങ്കിൽ നിന്ന് കോർപറേഷന് 114.2 കോടി രൂപ സഹായം ലഭിക്കും. പദ്ധതി നടപ്പാക്കാൻ ശുചിത്വ മിഷനുമായുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കാൻ ഇന്നലെ ഓൺലൈൻ വഴി ചേർന്ന പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി. ലോകബാങ്കുമായി സംസ്ഥാന സർക്കാർ ഒപ്പുവച്ച ധാരണപ്രകാരം 92 തദ്ദേശ സ്ഥാപനങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് തലസ്ഥാന കോർപറേഷനാണ്. നിലവിൽ നടത്തുന്ന ഖരമാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. നിലവിൽ സംസ്‌കരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ബയോ മൈനിംഗ് വഴിയോ മറ്റു തരത്തിലോ സംസ്‌കരിക്കും. തെരുവുകളും പൊതുസ്ഥലങ്ങളും ദിവസേന വൃത്തിയാക്കും. മാലിന്യ ശേഖരണ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ 2026 സെപ്‌തബർ 30നകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.