വെഞ്ഞാറമൂട്: കല്ലറ ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി - പരപ്പിൽ റോഡിന്റെ തകർച്ചയ്‌ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടം ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ചെല്ലഞ്ചി പാലത്തിൽ നിന്ന് തുടങ്ങി പരപ്പിൽ ജംഗ്ഷനിലെത്തുന്ന ഒരു കിലോമീറ്റർ ദൂരമുള്ള മൺറോഡിനാണ് ഈ ദുർവിധി. മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടും ചെളിക്കെട്ടു പതിവാണ്. ഇതുകാരണം ഇവിടെ അപകടങ്ങളും പതിവാണ്.പാലത്തിൽ നിന്ന് പരപ്പിലെത്തുന്ന റോഡിൽ ചെല്ലഞ്ചി പാലത്തിനോട് ചേർന്നുള്ള അപ്രോച്ച്റോഡ് 500 മീറ്റർ ടാറിട്ടിട്ടുണ്ട്. ഇവിടെ റോഡിന് 10 മീറ്റലധികം വീതിയുമുണ്ട്. അതുകഴിഞ്ഞുള്ള മൺറോഡിന്റെ വീതി മൂന്ന് മീറ്ററാണ്. മൺറോഡിന്റെ ചിലയിടങ്ങൾക്ക് 20 അടിയിലധികം താഴ്ചയുമുണ്ട്. ഇതുവഴിയാണ് ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾ ദിവസവും പോകുന്നത്.
പാർശ്വഭിത്തിയില്ലാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ റോഡ് ഇടിഞ്ഞ് അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വിതുര, നന്ദിയോട് ഭാഗങ്ങളിൽ നിന്ന് ചെല്ലഞ്ചിപാലം, കല്ലറ വഴി കാരേറ്റ് സംസ്ഥാന പാതയിലേക്കുള്ള നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ഈറോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയാലെ ചെല്ലഞ്ചി പാലം യാഥാർത്ഥ്യമാകൂ എന്നാണ് നാട്ടുകാർ പറയുന്നത്. ചെല്ലഞ്ചി - പരപ്പിൽ മൺറോഡിൽ പാർശ്വഭിത്തി നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കണക്കുകൾ ഇങ്ങനെ
മുതുവിള - നന്ദിയോട് റോഡ്- 12.5 കി.മി.
പരപ്പിൽ - ചെല്ലഞ്ചി മൺറോഡ്- 1 കി.മി.നീളം, 3 മീറ്റർ വീതി
ചെല്ലഞ്ചി പാലം അപ്രോച്ച് റോഡ്- 10 മീറ്റർ വീതി
ചെല്ലഞ്ചി - പാലോട് റോഡ്- 9 കി.മി.
ചെല്ലഞ്ചി- കല്ലറ റോഡ്- 9 കി.മി
'മുതുവിള - കുടവനാട് അപ്രോച്ച് റോഡിനായി കിഫ്ബിയിൽ 32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ ജോലി പുരോഗമിക്കുകയാണ്".
- അഡ്വ. ഡി.കെ. മുരളി എം.എൽ.എ
'സംസ്ഥാന സർക്കാർ 57 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്ബിയിസൂടെ ഭരണാനുമതി നൽകിയത്. 2016മുതൽ15.315 കോടി രൂപാ മാത്രമാണ് കിഫ്ബിയ്ൽ നൽകിയിട്ടുള്ളത്. അതിനാൽ കുടവനാട് - മുതുവിള റോഡ് നിർമ്മാണം പൊതുമരാമത്ത് വകുപ്പിനുള്ള ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല".
- പാലോട് രവി, മുൻ എം.എൽ.എ
'ചെല്ലഞ്ചി - പരപ്പിൽ റോഡിലെ അപകടകരമായ സ്ഥിതി മനസിലാക്കി പാർശ്വഭിത്തി നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം".
- എസ്.ആർ. രജികുമാർ,
പ്രസിഡന്റ്, ബി.ജെ.പി വാമനപുരം നിയോജക മണ്ഡലം