asha-workers-at-kachani

പേരൂർക്കട: കൊവിഡ് മഹാമാരിക്കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആശാവർക്കമാരെ അവഗണിക്കുന്നതായി പരാതി. കൊവിഡ് കാലത്ത് മാത്രമല്ല അതിനുമുമ്പും ഇവർ ഇടതടവില്ലാതെ കർമ്മനിരതരായിരുന്നു. എന്നാൽ, സമയം നോക്കാതെ ജോലി ചെയ്യുന്ന ഇവരുടെ കാര്യത്തിൽ ആരോഗ്യ വകുപ്പും സർക്കാരും വേണ്ടതൊന്നും ചെയ്യുന്നില്ലെന്ന പരാതി ഇവർക്കുണ്ട്. നിരന്തരം പരാതിപ്പെട്ടാൽ ചിലപ്പോൾ സേവനത്തെ പ്രകീർത്തിക്കുന്ന രണ്ടോ മൂന്നോ വരികളിൽ ഒതുങ്ങും 'പ്രതിഫലം'.

2000ന് മുകളിൽ ആശാവർക്കർമാർ
ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. 2005ലാണ് ഗ്രാമീണതലത്തിൽ ഇങ്ങനെയൊരു സംവിധാനം നിലവിൽ വന്നത്. തലസ്ഥാന ജില്ലയിൽ മാത്രം രണ്ടായിരത്തിന് മുകളിൽ ആശാവർക്കർമാരാണ് ജോലി നോക്കുന്നത്. സംസ്ഥാനത്താകെയുള്ളത് 26,475 പേരും. രാവും പകലുമില്ലാതെ ജോലി ചെയ്താൽ ഇവർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം മാത്രം. 500 രൂപയായിരുന്നു ആദ്യം ആശാവർക്കർമാർക്ക് ലഭിച്ചിരുന്ന ഓണറേറിയം. ഇപ്പോഴത് 5000 രൂപയാണെങ്കിലും ചെയ്യുന്ന ജോലിയുമായി താരതമ്യപ്പെടുത്തിയാൽ വളരെ തുച്ഛമാണിത്.

ആഴ്ചയിൽ മൂന്നോ നാലോ ദിവസം നാലുമണിക്കൂർ വരെയാണ് ജോലിയെന്ന് പറയുന്നുണ്ടെങ്കിലും കൊവിഡ് കാലമായതോടെ അത് 24 മണിക്കൂർ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. കൊവിഡ് രോഗികളോ നിരീക്ഷണത്തിൽ കഴിയുന്നവരോ ഏത് സമയത്തും സഹായത്തിനായി ബന്ധപ്പെടുന്നത് ആശാവർക്കർമാരെയാണ്. എന്നാൽ, ക്വാറൈന്റൻ ലംഘനം അടക്കമുള്ളവ ആരോഗ്യപ്രവർത്തകരെ അറിയിച്ചാൽ ഇവർക്ക് കിട്ടുന്നത് മോശം പെരുമാറ്റമായിരിക്കും. ആശാവർക്കർമാർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

രോഗബാധിതർ

കൊവിഡിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആശാവർക്കർമാർക്ക് രോഗം ബാധിക്കുന്നതും വ്യാപകമായിട്ടുണ്ട്. 39 ആശാ വർക്കർമാർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇവർക്കാകട്ടെ മതിയായ സുരക്ഷാ ഉപകരണങ്ങളൊന്നും തന്നെ നൽകാൻ സർക്കാർ തയ്യാറായിട്ടുമില്ല.