വൃദ്ധജനങ്ങളുടെ എണ്ണം ലോകത്ത് കൂടിവരികയാണ്. ആരോഗ്യ, വൈദ്യശാസ്ത്ര രംഗത്തെ മുന്നേറ്റമാണ് ഇതിന്റെ പ്രധാനകാരണം. ആരോഗ്യത്തിന്റെയും പരിചരണത്തിന്റെയും കാര്യത്തിൽ കുഞ്ഞുങ്ങളെപ്പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന വിഭാഗമാണ് വൃദ്ധർ. കാരണം, രോഗങ്ങളും പോഷകാഹാരക്കുറവും ഏറ്റവുമധികം ബാധിക്കുന്നതും ഈ വിഭാഗത്തെയാണ്.
ജീവിതശൈലീ രോഗങ്ങളും ഭക്ഷണത്തിലെ നിയന്ത്രണങ്ങളും പലപ്പോഴും ഇവരെ
പോഷകാഹാരക്കുറവിലേക്ക് നയിക്കുകയും ചെയ്യും.
ശരീരത്തിന്റെ പേശീഭാരം, ബേസൽ മെറ്റബോളിക് റേറ്റ് എന്നിവ പ്രായം കൂടുന്നതിനനുസരിച്ച് കുറഞ്ഞുവരുന്നു.അതുപോലെ ഊർജ്ജ ആവശ്യവും പ്രായം കൂടുന്നതിനനുസരിച്ച് കുറഞ്ഞുവരും.
വാർദ്ധക്യത്തിലെ പോഷക ന്യൂനത പരിഹരിക്കാൻ ലോകാരോഗ്യസംഘടന
പുറത്തിറക്കിയ രൂപരേഖയിൽ ഇത് സംബന്ധിച്ച് കൃത്യമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
വാർദ്ധക്യത്തിൽ ലിംഗസമത്വം ഉറപ്പാക്കുക. അംഗവൈകല്യം, രോഗങ്ങൾ, പ്രായമെത്താത്ത മരണനിരക്ക് എന്നിവ നിയന്ത്രിക്കുക. ജീവിതശൈലീ രോഗങ്ങൾക്കുള്ള സാദ്ധ്യത പരമാവധി കുറയ്ക്കുക. മാരകരോഗങ്ങൾ ബാധിച്ചവർക്കുള്ള തുടർചികിത്സ ഉറപ്പാക്കുക. വൃദ്ധജനങ്ങളുടെ സഹായികൾക്ക് പ്രത്യേക പരിശീലനം നൽകുക. വൃദ്ധജനങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുക. വാർദ്ധക്യത്തിലെത്തിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രാപ്തമായ വരുമാനമാർഗങ്ങൾ കണ്ടെത്തുക എന്നിവയായിരുന്നു പൊതുവിൽ റിപ്പോർട്ടിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ.
ആഹാരത്തിൽ അളവും മൂല്യവും
കുട്ടികൾക്കെന്ന പോലെ വൃദ്ധർക്കും ആഹാരത്തിന്റെ അളവ്, പോഷകമൂല്യം എന്നിവ പ്രധാനമാണ്. അദ്ധ്വാനത്തിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കാൻ പ്രായമേറിയവർ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ കഴിക്കുന്ന ആഹാരത്തിന്റെ ഊർജ്ജമൂല്യം അനുസരിച്ച് കായികപ്രവൃത്തികൾ ചെയ്യാൻ കഴിയണം. അതായത്
കായികാദ്ധ്വാനം കുറഞ്ഞവർക്ക് കുറച്ച് ഭക്ഷണം എന്നർത്ഥം.
എന്നാൽ, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുമ്പോൾ കലോറിമൂല്യം കുറയാനും പാടില്ല.
അതിന് അന്നജാഹാരം കുറച്ച് പച്ചക്കറികളും പഴങ്ങളും സലാഡുകളും കൂടുതലായി ഉൾപ്പെടുത്തിയാൽ മതിയാകും.
അന്നജം അടങ്ങിയ ആഹാരത്തിൽ മുഖ്യഭാഗം നാരുകളടങ്ങിയ സങ്കീർണ അന്നജങ്ങളായിരിക്കാനും ശ്രദ്ധവേണം. ഉദാഹരണമായി തവിടോടുകൂടിയ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവ. പഞ്ചസാര പരമാവധി കുറയ്ക്കുക.
പേശീബലം നിലനിറുത്താനും പുതുകോശങ്ങളുടെ നിർമ്മാണത്തിനും
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യമാണ്. അമിനോ അമ്ളങ്ങൾ അടങ്ങിയ സസ്യജന്യവും മാംസജന്യവുമായ ഭക്ഷണം ഉൾപ്പെടുത്തുക. ഹൃദയാരോഗ്യത്തിന് സഹായകമായ ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ചെറുമീനുകൾ, കൊഴുപ്പ് കുറഞ്ഞ മാംസം, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.
ഹൃദയാരോഗ്യത്തിന് പൂരിത കൊഴുപ്പുകളും ട്രാൻസ്‌ഫാറ്റുകളും ഒഴിവാക്കുക. അപൂരിത കൊഴുപ്പുകളടങ്ങിയ സസ്യ എണ്ണകൾ, വാൾനട്ട് മുതലായവ സഹായകരമാണ്.
എല്ലുകളുടെ ആരോഗ്യത്തിന് ദിവസത്തിൽ മൂന്നുനേരമെങ്കിലും കൊഴുപ്പുകുറഞ്ഞ പാലോ പാലുത്‌പന്നങ്ങളോ ഉൾപ്പെടുത്തണം.
വാർദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിറുത്താൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിഫിനോളുകളും ധാരാളമടങ്ങിയ പച്ചക്കറികളും ഇലക്കറികളും മറ്റും കഴിക്കുക.
ഉപ്പ് അമിതമായാൽ രക്തസമ്മർദ്ദം വർദ്ധിക്കും. അതിനാൽ ഉപ്പ് കൂടുതലടങ്ങിയ അച്ചാർ, പപ്പടം, സ്നാക്സ്, നട്ട്സ്, സോസുകൾ എന്നിവ ഒഴിവാക്കുക. അതുപോലെ
മൈദ, വനസ്പതി അടങ്ങിയ ബേക്കറി സാധനങ്ങൾ കഴിക്കുന്ന ശീലവും അവസാനിപ്പിക്കണം. ശരീരം എല്ലായ്പ്പോഴും ജലാംശമുള്ളതായി സൂക്ഷിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കണം. എന്നാൽ, കുറേശ്ശേ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് നല്ലത്. അതേസമയം മധുരം ചേർത്ത ജ്യൂസും കുപ്പി പാനീയങ്ങളും ഒഴിവാക്കുക.
കാത്സ്യം, വിറ്റമിൻ - ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. തൈര്, കടും പച്ച നിറത്തിലുള്ള ഇലക്കറികൾ, മറ്റു പച്ചക്കറികൾ, മുള്ളുള്ള ചെറിയ മീൻ എന്നിവയാണ് ഇവയുടെ സ്രോതസുകൾ.
ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാൻ ഇരുമ്പ് ആവശ്യമാണ്. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ നിലനില്പിന് ജീവകം ബി 12 സഹായിക്കുന്നു.
ആരോഗ്യകരമായ വാർദ്ധക്യത്തിന് കൃത്യമായ വ്യായാമവും നിർബന്ധമാണ്. ദിവസം അരമണിക്കൂറെങ്കിലും ലഘുവായ വ്യായാമത്തിലേർപ്പെടുന്നത് അത് സഹായിക്കും.