പാറശാല: ചെങ്കൽ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വട്ടവിള പ്രാഥമിക ആരോഗ്യകേന്ദ്രം ഒരു മാസം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നെയ്യാറ്റിൻകര എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മാസം ഒന്ന് പിന്നിട്ടിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് ഇതുവരെ എഴുതിയിട്ടില്ല. പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടിരിക്കുന്ന ആർച്ചിന്റെ നിർമ്മാണവും ഏങ്ങുമെത്താതെ കിടക്കുന്നു. ആശുപത്രിയുടെ പ്രവർത്തനവും പൂർണതോതിലായിട്ടില്ല.
അതിനാൽ ഉദ്ഘാടന നാടകം നടത്തിയെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്. .
2010-11 കാലഘട്ടത്തിൽ ഒ.പി മാത്രമായി പ്രവർത്തിച്ചിരുന്ന പ്രാഥമിക കേന്ദ്രം 2013 ൽ 50 കിടക്കകളുള്ള കെട്ടിടസമുച്ചയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമായി. നാല് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘവും കിടപ്പുരോഗികളെ പരിപാലിക്കുവാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരികയായിരുന്നു. അഞ്ഞൂറോളം പേർ അംഗമായ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.എന്നാൽ, ഇപ്പോൾ ഒരു ഡോക്ടറും മെഡിക്കൽ ഓഫിസറും മാത്രമായി. കിടത്തി ചികിത്സയും ഇല്ലാതായി എന്നും നാട്ടുകാർ പറയുന്നു.
കോറോണ വ്യാപന കണക്കിൽ എണ്ണം കൂടുന്ന പഞ്ചായത്തുകളിൽ ഒന്നു കൂടിയാണ് ചെങ്കൽ പഞ്ചായത്ത്. ഇവിടെ ഒരു ദിവസം എട്ടും പത്തും കൊവിഡ് പോസിറ്റിവ് രോഗികളെ പാലിയേറ്റിവ് കെയർ ആംബുലൻസിൽ അടുത്തുള്ള പി.എച്ച്.സികളിൽ എത്തിക്കാറുണ്ട്. പക്ഷെ, കോറോണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അധികൃതർ പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാവുകയാണ്. ആംബുലൻസിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പി.പി.ഇ. വിറ്റ് ധരിക്കാറില്ലെന്നും പറയുന്നു.
വട്ടവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 50 കിടക്കകളുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബഹുനില കെട്ടിടത്തിൽ 24 മണിക്കൂറുംചികിത്സ ലഭിക്കുന്ന സൗകര്യങ്ങൾ ആരംഭിച്ചു. എന്നാൽ ഇപ്പോൾ ഒ.പി മാത്രമാണ് പ്രവർത്തിക്കുന്നത്. രോഗികൾക്ക് യഥാസമയം ഡോക്ടറുടെ സേവനവും ലഭിക്കുന്നില്ല. ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.
കെ.അജിത്കുമാർ, (ചെങ്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്)