കോവളം: കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ കടൽക്ഷോഭത്തിൽ കോവളം ഇടക്കല്ലിലും സീറോക്ക് ബീച്ചിലും വൻനാശം. ബീച്ചിലെ പ്രധാന നടപ്പാത ഭാഗികമായും സുരക്ഷാഭിത്തി, തെങ്ങുകൾ എന്നിവ പൂർണമായും കടലെടുത്തു. ഇവിടെ സ്ഥാപിച്ചിട്ടുള്ള രണ്ട് വൈദ്യുത പോസ്റ്റുകളും ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റും അപകടാവസ്ഥയിലാണ്. നടപ്പാതയിൽ സ്ഥാപിച്ചിരുന്ന ടൈലുകൾ പൂർണമായും നശിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ടൂറിസം ഓഫീസർ, കോവളം പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. അപകട ഭീഷണിയെ തുടർന്ന് ബീച്ചിലെ മുഴുവൻ വൈദ്യുത ബന്ധങ്ങളും വിച്ഛേദിച്ചു. നിലവിലെ അവസ്ഥയെക്കുറിച്ച് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് കോവളം ടൂറിസം ഫെസിലിറ്റേഷൻ ഓഫീസർ പ്രേംഭാസ് പറഞ്ഞു.