വെള്ളറട: മലയോരമേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട് ചന്തയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് മാർക്കറ്റായി ഉയർത്തുന്നത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ 20 കേടി രൂപ ചെലവഴിച്ച് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ളാൻ സർക്കാരിന് നൽകി കഴിഞ്ഞു. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. കിഫ്ബിയുടെ ധനസഹായത്തോടുകൂടിയാണ് പദ്ധതി നടത്തുന്നത്. ജില്ലയിലെ തന്നെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് പനച്ചമൂട് ചന്ത. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇവിടെ കന്യാകുമാരി ജില്ലയിൽ നിന്നുള്ള കർഷകരും അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, കുന്നത്തുകാൽ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെയും നാണ്യവിളകൾ വിറ്റഴിക്കാൻ ഈ ചന്തയെയാണ് ആശ്രയിക്കുന്നത്.
ചന്ത ഹൈടെക് ആകുന്നതോടെ പനച്ചമൂട്ടിലെ വ്യാപാര സ്ഥാപനങ്ങളും കൂടുതൽ വികസിക്കുമെന്ന കാര്യത്തിൽ സംശയമില്ല.