കടയ്‌ക്കാവൂർ: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ജോസഫ് മരിച്ചതോടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അനാഥമായി. രണ്ടുവർഷം മുമ്പ് ഭാര്യാ പിതാവ് വർഗീസും മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടിരുന്നു. കൊവിഡിനെ തുടർന്ന് മത്സ്യബന്ധനം നിലച്ചതോടെ കുടുംബം പട്ടിണിയിലായിരുന്നു. ഇളവുകൾ വന്ന ശേഷം കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വലിയ പ്രതീക്ഷയോടെയാണ് ജോസഫ് വീണ്ടും കടലിലേക്കിറങ്ങിയത്. എന്നാൽ കുടുംബത്തിന് കേൾക്കാനായത് ജോസഫിന്റെ വിയോഗവാർത്തയാണ്. ആറംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അടുത്ത ദിവസങ്ങളിലായി അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അഞ്ചുപേരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.