
മലയാളത്തിന്റെ അഭിനയ പ്രതിഭ മോഹൻലാലിന്റെ എല്ലാക്കാലവും ഓർമിക്കപ്പെടുന്ന ചിത്രമാണ് സ്ഫടികം. ചിത്രത്തിലെ പാട്ടുകളും അതുപോലെ സൂപ്പർ ഹിറ്റായിരുന്നു. സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനത്തിൽ പ്രമുഖ നടി സിൽക്ക് സ്മിതയും മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. ഇന്നും ഈ പാട്ട് പാടാത്ത മലയാളികൾ വിരളമാണ്. പാട്ടിലെ രംഗങ്ങൾ അതേപടി പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ഒരു ഫോട്ടോഗ്രാഫർ. റിജേഷ് നിലമ്പൂരാണ് പ്രസിദ്ധ ഗാനരംഗം അതേപടി ചിത്രീകരിച്ചത്.ചിത്രങ്ങളിൽ മോഡലുകളായിരിക്കുന്നത് ആദി, അനന്യ എന്നീ കുട്ടികളാണ്. ‘സ്ഫടികം.. കാലം ചെല്ലും തോറും വീഞ്ഞിന് വീര്യം കൂടുന്ന പോലെ ആരാധകർ കൂടുന്ന ഒരു ഐറ്റമാണ് തോമാച്ചായൻ’ എന്ന അടിക്കുറിപ്പും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്.1995ൽ ഇറങ്ങിയ സ്ഫടികം സംവിധാനം ചെയ്തത് ഭദ്രനാണ്. തിലകൻ, ഉർവശി, സ്ഫടികം ജോർജ് തുടങ്ങി ഗംഭീര താരനിരയാണ് മോഹൻലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നത്. മോഹൻലാലിന്റെ ക്ലാസിക് സിനിമകളിൽ മുൻനിരയിലാണ് ചിത്രത്തിന്റെ സ്ഥാനം. പി. ഭാസ്കരൻ രചിച്ച് എസ്.പി വെങ്കിടേഷ് സംഗീത സംവിധാനം നിർവഹിച്ച ഗാനം പാടിയത് കെ.എസ് ചിത്രയും മോഹൻലാലും ചേർന്നാണ്.