ആറ്റിങ്ങൽ: കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 3ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചതായും സ്ഥലം വിട്ടുനൽകുന്നവരുമായുള്ള ഹിയറിംഗിന് രേഖകൾ ഹാജരാക്കേണ്ട തീയതിയും സമയവും നിശ്ചയിച്ചതായും അടൂർ പ്രകാശ് എം.പി പറഞ്ഞു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 30.8 കിലോമീറ്റർ ദേശീയപാത വികസനത്തിനാണ് വിജ്ഞാപനം ഇറങ്ങിയത്. നടപടികൾ വേഗത്തിലാക്കുന്നതിന് ഉപരിതല ഗതാഗത മന്ത്രാലയവുമായി ചർച്ച നടത്തുമെന്ന് എം.പി അറിയിച്ചു. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകുന്നവർ നിർദ്ദേശിച്ചിരിക്കുന്ന തീയതികളിൽ ബന്ധപ്പെട്ട രേഖകളുമായി ആറ്റിങ്ങൽ എൽ.എ. എൻ.എച്ച് ഓഫീസിലും കഴക്കൂട്ടം എൽ.എ.എൻ.എച്ച് ഓഫീസിലും ഹാജരാകണം. 3ഡി നോട്ടിഫിക്കേഷൻ ആഗസ്റ്റ് 20ന് കേന്ദ്രം ഗസറ്റ് വിജ്ഞാപനം വഴി പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ സ്ഥലം ഒഴിവാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം
ആ പ്രദേശത്തെ മാത്രം വിജ്ഞാപനം ഇറക്കുമെന്നും എം.പി അറിയിച്ചു.