വർക്കല: വർക്കല മേൽവെട്ടൂരിൽ ഡിഫൻസ് കരാറുകാരൻ ശ്രീകുമാർ,​ ഭാര്യ മിനി,​ മകൾ അനന്തലക്ഷ്മി എന്നിവരുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയാണ് ഇവരെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചും അന്വേഷണം നടത്തും. സബ് കോൺട്രാക്ടറും ശ്രീകുമാറും സംയുക്തമായി വസ്തുവകകൾ ബാങ്കിൽ ലോൺ വച്ച് പണം എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ ഭാര്യയും ഭർത്താവും ഒപ്പിട്ടിരിക്കുന്നത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സബ് കോൺട്രാക്ടറെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇയാൾ നേരത്തെ കർണാടകയിൽ കരാർ പണികൾ ഏറ്റെടുത്ത് നടത്തിയതുമായി ബന്ധപ്പെട്ട് പലരെയും കബളിപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ആത്മഹത്യാക്കുറിപ്പ് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലെ ഒപ്പ് പരിശോധിക്കുന്നതിന് ബന്ധുക്കളെ കാണിക്കണമെന്ന് ആവശ്യവും പൊലീസ് നിരാകരിച്ചതായി ആക്ഷേപമുണ്ട്. മരണവീട്ടിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.