കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന് രാഷ്ട്രപതിയിൽ നിന്നു ലഭിച്ച ദേശീയ നിർമ്മൽ പുരസ്കാരവും സാക്ഷ്യപത്രവും പഞ്ചായത്ത് ഓഫീസിൽ കാണാനില്ലെന്ന് പരാതി. സമ്പൂർണ ശുചിത്വ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2008 - ൽ കേന്ദ്രസർക്കാർ നൽകിയതാണ് നിർമ്മൽ പുരസ്കാരം. 2004 - ൽ വി.എസ്. അച്യുതാനന്ദനാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തത്. 2009 - ൽ ഓഫീസിന്റെ രണ്ടാം നിലയും ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ സ്ഥാപിച്ച ശിലാ ഫലകങ്ങളും ഭരണസമിതി മെമ്പർമാരുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകങ്ങളും കാണാനില്ല. അടുത്തിടെ പഞ്ചായത്ത് ഓഫീസ് നവീകരിച്ചപ്പോൾ എടുത്തുമാറ്റിയ ഫലകങ്ങൾ നവീകരണ ഉദ്ഘാടനം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. പഞ്ചായത്തിന്റെ ചരിത്ര രേഖകളായ നിർമ്മൽ പുരസ്കാരവും ഉദ്ഘാടന ഫലകങ്ങളും കണ്ടെത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.