teacher

കൊച്ചി: ഹയർ സെക്കൻഡറി സീനിയർ തസ്തികയിലേക്ക് ജൂനിയർ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ ഇനി വേഗത്തിൽ നടക്കും. മാറ്റിവെച്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മറ്റി (ഡി.പി.സി) യോഗം ചൊവ്വാഴ്ച്ച ച്ചേർന്നു. ഗസറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റ നടപടികൾ ആരംഭിക്കുകയാണ് ഇനി നടക്കേണ്ടത്. സ്ഥാനകയറ്റം ലഭിക്കാതെ വലയുന്ന അദ്ധ്യാപകരുടെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് യോഗം ചേർന്നതും തീരുമാനമായതും.

അദ്ധ്യാപകർ നൽകിയ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അപാകതയുണ്ടെന്ന കാരണത്താലാണ് 2020 ഫെബ്രുവരിയിൽ നടക്കേണ്ട ഡി.പി.സി യോഗം മാറ്റിവെച്ചത്. ജൂനിയർ അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നടപടി ഒമ്പത് മാസമായി മരിവിപ്പിച്ചിരിക്കുകയായിരുന്നു. പതിനെട്ട് വിഷയങ്ങളിലായി 263 ഒഴിവുകളാണുള്ളത്. ജൂനിയർ അദ്ധ്യാപകർക്ക് നിലവിൽ അഡ്വൈസ് ചെയ്ത ഒഴിവുകൾക്ക് പുറമെയാണ് ഈ ഒഴിവുകൾ വരിക.

സ്ഥാനക്കയറ്റം വഴി ഒഴിവുവരുന്ന തസ്തികയിലേക്ക് നിയമനത്തിനായി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് പുതിയ പ്രതീക്ഷയാണ് ഡി.പി.സിയുടെ തീരുമാനം. മറ്റു കാരണങ്ങൾ പറഞ്ഞ് ഇനിയും നടപടികൾ വൈകില്ലെന്നാണ് അദ്ധ്യാപകരുടെ വിശ്വാസം. 2018 നവംബർ മുതൽ 2019 ഒക്ടോബർ വരെ ഒഴിവുള്ള സീനിയർ അദ്ധ്യാപക തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം നടക്കുക.

നിയമനങ്ങൾ നടക്കേണ്ട ഒഴിവുകൾ

ഇക്കണോമിക്സ് - 46

ഇംഗ്ലീഷ് - 36

പൊളിറ്റിക്കൽ സയൻസ് - 28

മലയാളം - 27

കമ്പ്യൂട്ടർ അപ്ലിക്കേഷൻ - 21

കെമിസ്ട്രി -20

മാത്തമാറ്റിക്സ് -13

ഹിന്ദി -12

ബോട്ടണി -11

സുവോളജി -11

ജോഗ്രഫി -11

ഹിസ്റ്ററി -9

കൊമേഴ്സ് -5

സ്റ്റാറ്റിസ്റ്റിക്സ് -3

സൈക്കോളജി -1

ഫിസിക്സ് -1

അറബിക് -1

തമിഴ് -1