ആലപ്പുഴ: തമിഴ്നാട്ടിൽ നിന്ന് വാഴക്കുല വണ്ടിയിൽ മയക്കു മരുന്നു ഗുളികകൾ കടത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ തോട്ടപ്പള്ളി വക്കന്റെ പറമ്പിൽ മഹേഷിനെയാണ് (37) കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വാഹനത്തിന്റെ ഉടമയും ഒന്നാം പ്രതിയുമായ സെന്തിൽ, രണ്ടാം പ്രതി ആലപ്പുഴ നഗരസഭ വെള്ളക്കിണർ വാർഡിൽ വള്ളക്കടവിൽ നഹാസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. വാഴക്കുല വണ്ടിയിൽ 864 ട്രമഡോൾ ഗുളിക കടത്താൻ ശ്രമിക്കവെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വെച്ചാണ് സെന്തിൽ പിടയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അന്തർ സംസ്ഥാന മയക്കുമരുന്നു സംഘത്തിന്റെ കണ്ണികളാണെന്ന് വ്യക്തമായത്. ഇനി രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ക്രിസ്റ്റിൻ, അലക്സ്, ഗിരീഷ്, പ്രദീപ്, ടോണി, ലിറ്റി, തങ്കച്ചൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി ശശി, ബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.