ആറ്റിങ്ങൽ: റേഷൻ കടയിൽ ക്രമക്കേടുകാട്ടിയ സെയിൽസ് മാനെതിരേ നടപടി സ്വീകരിച്ച റേഷനിംഗ് ഇൻസ്പെക്ടർക്കുനേരേ വധ ഭീഷണി യെന്ന് പരാതി.ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ സുലൈമാനോടാണ് ഫോണിലൂടെ വധ ഭീഷണി മുഴക്കിയത്. .
അഞ്ചുതെങ്ങ്- വർക്കല മേഖലയിലെ റേഷനിംഗ് ഇൻസ്പെക്ടറാണ് സുലൈമാൻ. 2018 ആഗസ്റ്റ് ഒന്നിനാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവം റിപ്പോർട്ട് ചെയ്തതോടെ കടയുടെ അംഗീകാരം റദ്ദാക്കി. പ്രശ്നങ്ങൾ പരിഹരിച്ച് അംഗീകാരം പുനസ്ഥാപിച്ച കടയിൽ 2019 ഡിസംബർ 26 ന് വീണ്ടും പരിശോധന നടന്നു അപ്പോഴും ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ലൈസൻസിയിൽ നിന്ന് പിഴ ഈടാക്കുകയും കച്ചവടക്കാരനെ ഒഴിവാക്കുകയും ചെയ്തു.ഒഴിവാക്കിയ സെയിൽസ് മാനാണ് ഉദ്യോഗസ്ഥനെതിരെ വധഭീഷണിയുമായി എത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫോൺ സംഭാഷണം റെക്കോഡു ചെയ്തത് ഉൾപ്പെടെയാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.