തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി കരിങ്കൊടി കാട്ടി. ഉച്ചയ്‌ക്ക് 12ഓടെ പത്തോളം വനിതാപ്രവർത്തകർ പൊലീസിനെ വെട്ടിച്ച് മസ്‌കറ്റ് ഹോട്ടലിന് സമീപംവഴി മന്ത്രിയുടെ വസതിക്ക് മുന്നിലെത്തുകയായിരുന്നു. പ്രതിഷേധക്കാരെ ഗേറ്റിൽ തടയുന്നതിനിടെ ഒരു പ്രവർത്തക മതിൽ ചാടി അകത്ത് കടക്കാൻ ശ്രമിച്ചു. ഇതിനിടെ മറ്റ് പ്രവർത്തകർ ഗേറ്റിൽ കരിങ്കൊടി കെട്ടി. പ്രതിഷേധക്കാരെ തടയാൻ വസതിക്ക് മുന്നിൽ വനിതാ പൊലീസ് ഇല്ലായിരിന്നത് കൈയാങ്കാളി വഷളാക്കി. അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആനി പ്രസാദിന്റെ തോളിന് പരിക്കേറ്റു. മുദ്രാവാക്യം വിളികളുമായി വസതിക്ക് മുന്നിൽ നിലയുറപ്പിച്ച പ്രവർത്തകരെ പിന്നീട് കൂടുതൽ വനിതാ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്‌തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ചിത്രദാസ്, വീണ എസ്. നായർ, റിജി റഷീദ്, അഖില, നീതു, വാർഡ് കൗൺസിലർ ഷീബ പാട്രിക്, ആനി പ്രസാദ്, അനുഷ്‌മ ബഷീർ, മിൻമിനി എന്നിവരാണ് അറസ്റ്റിലായത്. വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് കൈയേറ്റം ചെയ്‌തെന്നും പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ആവശ്യപ്പെട്ടു.