നെടുമങ്ങാട്: പുതുവൽ പുറമ്പോക്ക് ഭൂമിക്ക് പട്ടയം വാങ്ങി നൽകാമെന്ന വ്യാജേനെ അദ്ധ്യാപികയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയ പൊതുപ്രവർത്തകനെ കണ്ടെത്താൻ റവന്യു ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. കിള്ളിയാറിൻകരയിലെ കരകുളം എട്ടാംകല്ലിലാണ് തട്ടിപ്പ് അരങ്ങേറിയത്. നെടുമങ്ങാട്ടെ സ്‌കൂൾ അദ്ധ്യാപികയുടെ ഉടമസ്ഥതയിൽ കുമ്മി പള്ളിക്കടുത്തുള്ള സ്ഥലത്തിനോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്ക് പതിച്ചു നൽകാമെന്ന ഉറപ്പിലാണ് പണം തട്ടിയെടുത്തത്. നെടുമങ്ങാട് താലൂക്ക് ഓഫീസിലെ ഭൂരേഖാ തഹസീൽദാർ, സർവേയർ, വില്ലേജ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേനെയാണ് പണം കൈപ്പറ്റിയത്. കഴിഞ്ഞ മാർച്ചിലാണ് പണം വാങ്ങിയതെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ആറുമാസം പിന്നിട്ടിട്ടും നടപടികൾ ആരംഭിക്കാത്തതിനെ തുടർന്ന് അദ്ധ്യാപിക കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. പണം നൽകിയതിന്റെ രേഖയുമായി ഇവർ തഹസീൽദാരെയും സമീപിച്ചെന്നാണ് സൂചന. എട്ടാംകല്ലിലെ ഒരു പ്രാദേശിക നേതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയതായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. പ്രതിയെ തിരിച്ചറിയാൻ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

തട്ടിപ്പിനു മറയാക്കിയത് അനധികൃത മരംമുറി !
----------------------------------------------------------------------------------

മാസങ്ങൾക്ക് മുമ്പ് അദ്ധ്യാപികയുടെ വസ്‌തുവിനോട് ചേർന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമിയിൽ നിന്ന് ഒരു പ്ലാവ് മുറിച്ചതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. അനധികൃത മരം മുറി സംബന്ധിച്ച് താലൂക്ക് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സർവേ വിഭാഗം ജീവനക്കാർ സ്ഥലം സന്ദർശിച്ച് പ്ലാവ് കടത്തുന്നത് തടഞ്ഞിരുന്നു. പിന്നാലെയാണ് പൊതുപ്രവർത്തകന്റെ രംഗപ്രവേശം. താലൂക്ക് സർവേ ഉദ്യോഗസ്ഥർക്ക് പണം നൽകിയാൽ വിവാദ സ്ഥലം അദ്ധ്യാപികയുടെ പേരിൽ പതിച്ചുനൽകുമെന്നായിരുന്നു നേതാവിന്റെ വാഗ്ദാനം. തട്ടിപ്പ് ലക്ഷ്യമിട്ട് അനധികൃത പ്ലാവ് മുറിക്കൽ വിവരം താലൂക്ക് ഓഫീസിൽ അറിയിച്ചത് ഇയാളാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. രാഷ്ട്രീയ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായതായി അധികൃതർ സൂചന നൽകി.

പ്രതികരണം

------------------

അടിയന്തരമായി സ്ഥലം പരിശോധിക്കും. തട്ടിപ്പ് സംബന്ധിച്ച വസ്‌തുത ബോദ്ധ്യമായിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർക്കും സർവേ ജീവനക്കാർക്കും സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രാഥമിക നടപടികൾ പൂർത്തിയാക്കി കേസ് പൊലീസിന് കൈമാറും

- എം.കെ. അനിൽകുമാർ (തഹസിൽദാർ, നെടുമങ്ങാട്)