തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ , കോടതി നിരീക്ഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം പ്രത്യേക വിജിലൻസ് കോടതി തളളി.

എസ്.എ.പി ക്യാമ്പിൽ നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാനില്ലെന്നായിരുന്നു സി.എ.ജി യുടെ കണ്ടെത്തൽ. സി.എ.ജി റിപ്പോർട്ടിൽ പബ്ളിക് അക്കൗണ്ട് കമ്മറ്റി പരിശോധന പൂർത്തിയാക്കുന്നതിന് മുൻപ് ക്രിമിനൽ കേസുകളെടുക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയുള്ള വിജിലൻസ് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു.

തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്ന് 200 വ്യാജ വെടിയുണ്ടകൾ പിന്നീട് കണ്ടെടുത്തിരുന്നു. 2017 ലെ ടെക്നിക്കൽ കമ്മറ്റി ചേരുന്നതിന് മുൻപ് തന്നെ സംസ്ഥാന പൊലീസ് മേധാവി ഒരു പ്രത്യേക കമ്പനിയിൽ നിന്ന് ആഡംബര കാർ വാങ്ങുന്നതിന് 33 ലക്ഷം രൂപ നൽകിയിരുന്നു. മറ്റൊരു കമ്പനിയുടെയും ക്വട്ടേഷൻ വാങ്ങാതെയുളള പൊലീസ് മേധാവിയുടെ നടപടിയും സി.എ.ജിയുടെ വിമർശനത്തിന് വിധേയമായിരുന്നു. പൊലീസ് ക്വാർട്ടേഴ്സ് പണിയാൻ അനുവദിച്ച 2.81 കോടി രൂപ സർക്കാർ അനുമതിയില്ലാതെ വകമാറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വില്ലകൾ പണിതതിനെയും സി.എ.ജി വിമർശിച്ചിരുന്നു.വിജിലൻസിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷണൻ. എസ്.ചെറുന്നിയൂർ ഹാജരായി.