തലശ്ശേരി: പൊന്ന്യത്ത് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. സ്ഫോടനത്തിൽ പരിക്കേറ്റ മാഹി അഴിയൂർ സ്വദേശി കെ.ഒ. ഹൗസിൽ ധീരജ് (28) ആണ് അറസ്റ്റിലായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഡിസ്ചാർജ് ചെയ്ത ശേഷം തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ മൂന്നായി. ആറംഗ സംഘമാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ മാഹി അഴിയൂരിലെ കല്ലറോത്ത് റമീഷ് (32) തലശ്ശേരി സഹകരണ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
കതിരൂർ സ്വദേശി സജൂട്ടി എന്ന കെ.വി. സജിലേഷ് (32), പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ അശ്വന്ത് (22) എന്നിവർ റിമാൻഡിലാണ്. സജിലേഷിനെ പിന്നീട് തോട്ടടയിലുള്ള കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആദ്യം അറസ്റ്റിലായ അശ്വന്ത് തലശ്ശേരിയിലെ സി.പി.എം വിമതനായ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ മൂന്നാം പ്രതിയാണ്. സംഘത്തിലുള്ള മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ധീരജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.