തിരുവനന്തപുരം: ഐസിസ് ഭീകരസംഘടനയുടെ പ്രവർത്തനം സജീവമാണെന്ന മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനത്ത് പൊലീസും എൻ.ഐ.എയും ജാഗ്രതയിലാണ്. ഐസിസ് പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയവരെ ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയാണ്.
ഐസിസ് റിക്രൂട്ട്മെന്റ് കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എയും ഐ.ബിയും വിവരശേഖരണം നടത്തുന്നുണ്ട്. വിസാപരിശോധന കർശനമാക്കി. സംശയമുള്ളവരെ യാത്രചെയ്യാൻ അനുവദിക്കരുതെന്ന് ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് നിർദ്ദേശമുണ്ട്.
ഐസിസ് സാന്നിദ്ധ്യം കണ്ടെത്താൻ വിദേശഏജൻസികളുമായി ചേർന്ന് 'ഓപ്പറേഷൻ ചക്രവ്യൂഹ' എന്ന നിരീക്ഷണ സംവിധാനമാണ് ഐ.ബിക്കുള്ളത്. ഫേസ്‌ബുക്കിലെയും ട്വിറ്ററിലേയുമടക്കം ഡാറ്റ വിശകലനം ചെയ്ത് ഐസിസ് സാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്‌റ്റ്‌വെയർ ഐ.ബിക്കും എൻ.ഐ.എയ്ക്കുമുണ്ട്. സന്ദേശങ്ങൾ ഡീ-കോഡ് ചെയ്യാനും എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്താനുമുള്ള സംവിധാനമാണിത്. കോഴിക്കോട്ടുകാരൻ റിയാബ് ഇറാക്കിലെയും സിറിയയിലെയും ഐസിസിസുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടത് ഇങ്ങനെയാണ് കണ്ടെത്തിയത്. സംശയാസ്പദമായ സൈബർബന്ധങ്ങളുള്ള 140പേരുടെ പട്ടിക യു.എ.ഇ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു.
2016 ൽ കാസർകോടു നിന്ന് 24 പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് സിറിയയിലെത്തി ഐസിസിൽ ചേർന്ന കോഴിക്കോട് സ്വദേശി റിയാബിനെതിരെ (24) പൊലീസെടുത്ത കേസ് എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. യു.എ.ഇയിൽ പഠിച്ചുവളർന്ന റിയാബിനെ അവിടെ കുടുംബത്തിന്റെ ബിസിനസിൽ പങ്കാളിയായിരിക്കേ കാണാതാവുകയായിരുന്നു.
ഐസിസുമായി ബന്ധംപുലർത്തിയ 11മലയാളികളടക്കം 19 ഇന്ത്യക്കാർ യു.എ.ഇയിൽ തടവിലുണ്ടെന്നാണ് എൻ.ഐ.എ വിവരം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഐസിസ് അനുകൂല സന്ദേശങ്ങൾ ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും പിന്തുടരുകയും ചെയ്തവരാണ് ഇവരിലധികവും. വിനോദസഞ്ചാരികളെന്ന വ്യാജേന ഐസിസിൽ ചേരാൻ പോയ മുപ്പതോളം പേരെ തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇന്ത്യയിൽ സായുധസേനാവിഭാഗം രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്സ്ആപ് സന്ദേശങ്ങൾ ഗൾഫിൽ പ്രചരിക്കുന്നുണ്ട്.
കേരള ബന്ധം
കണ്ണൂരിൽ നിന്ന് അമ്പതു പേർ ഉൾപ്പെടെ സംസ്ഥാനത്ത നിരവധി പേർ സംഘടനയിൽ ചേർന്നു
കാബൂളിൽ സിക്ക് ഗുരുദ്വാര ആക്രമിച്ചതിന് പിന്നിൽ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ
ആറ്റുകാൽ സ്വദേശി നിമിഷയെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഐസിസിൽ ചേർത്തത് ഭർത്താവ് ഈസ
ഇരുവരും മൂന്ന് വയസുള്ള മകൾക്കൊപ്പം അഫ്ഗാൻ സൈന്യത്തിന് കീഴടങ്ങിയെന്നാണ് വിവരം
2016ൽ ഐസിസിൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ എത്തിയ 21 മലയാളികളിൽ പകുതിയോളം കൊല്ലപ്പെട്ടു