തിരുവനന്തപുരം : തൊഴിലാളി നേതാവ് കൂടിയായിരുന്ന ഉമ്മൻചാണ്ടി നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടപ്പാക്കാൻ ഓൺലൈൻ സൂം മീറ്റിംഗ് തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അറിയിച്ചു. 50 സുവർണവൃക്ഷങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നട്ട് പരിപാലിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഡോ. ഡി. ജോർജ്ജ് ഓണക്കൂർ നിർവഹിക്കും. കോട്ടയത്തു നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ തത്സമായ പ്രദർശനം വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. 50 തൊഴിലാളി പ്രവർത്തകരെ ആദരിക്കുന്നതിനൊപ്പം 50 വിദ്യാർത്ഥികൾക്ക് പഠന സഹായവും, ഉമ്മൻചാണ്ടി തൊഴിൽ മേഖലയ്ക്ക് നൽകിയ സംഭാവനകളെ അനുസ്മരിച്ച് തൊഴിൽ മേഖലയും വർത്തമാന കേരളവും എന്ന വിഷയത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. കൊവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങളെ വിലയിരുത്തി വിവിധ മേഖലകളിലെ 50 പേരെ അനുമോദിക്കുമെന്നും ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അറിയിച്ചു.