പെരുമ്പാവൂർ: ഇന്നും നാട്ടുകാർ കാത്തിരിക്കുകയാണ് നാലുവശവും പെരിയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒക്കൽ തുരുത്ത് ടൂറിസ്റ്റ് കേന്ദ്രമാകുന്നത് കാണാൻ. പ്രഖ്യാപനം വന്നിട്ട് കാലമേറെയായെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. മരച്ചോലകളും പുഴത്തീരവും മണൽത്തിട്ടകളും ഉൾപ്പെടെയുള്ള മനോഹരദൃശ്യമാണ് ഒക്കലിൽ പ്രകൃതി ഒരുക്കിയിട്ടുള്ളത്. ശ്രീനാരായണ ഗുരുദേവൻ ധ്യാനനിമഗ്‌നനായി ഇരുന്നയിടം ഉടൻ ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന പ്രഖ്യാപനം ഗുരുദേവന്റെ സമാധിദിനമായ സെപ്തംബർ21നെങ്കിലും വന്നെങ്കിൽ എന്ന ആഗ്രഹമുണ്ട് ഇവിടുത്തുകാർക്ക്.
നടന്നത് സാധ്യതാപഠനം മാത്രം
32 വീടുകളുണ്ട് ഇവിടെ. 22 വീടുകളിൽ ആളുകൾ താമസിക്കുന്നുണ്ട്. 2018ലെ പ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇവരുടെ സ്ഥലം ഒഴികെയുള്ളത് ടൂറിസത്തിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം. രാജഭരണകാലത്ത് കൊച്ചി അമ്മൻ കോവിലകത്തെ സ്ത്രീകൾ കെട്ടുവള്ളത്തിൽ ഒക്കൽ തുരുത്തിലെത്തിയിരുന്നതായി പറയുന്നു. മലയാറ്റൂർ പള്ളിയിലേക്ക് വരാപ്പുഴ ചെറായി ഭാഗത്ത് നിന്ന് കെട്ടുവള്ളത്തിലും ചെറുവഞ്ചിയിലും പോകുന്നവരുടെ ഇടത്താവളമായിരുന്നു ഒക്കൽ തുരുത്ത്.
ഒക്കൽ പഞ്ചായത്തിന്റെ ആവശ്യമനുസരിച്ച് സ്ഥലം ടൂറിസത്തിനായി അളന്നു തിരിച്ചിരുന്നു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും കോട്ടേജുകൾ, ഗാർഡൻ, സ്വിമ്മിംഗ് പൂൾ, പെഡൽ ബോട്ട് സർവീസുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി സാധ്യത പഠനത്തിന് മുൻ കലക്ടർ ഷേക്ക് പരീത് നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കലക്ടറും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രതിനിധികളും സ്ഥലം സന്ദർശിച്ചു. പദ്ധതി നിലവിൽ വന്നാൽ സമീപമേഖലയിൽ വികസനം സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷ. കൊച്ചി രാജ്യാന്തര വിമാനത്താവളം, കോടനാട് അഭയാരണ്യം, മലയാറ്റൂർ പള്ളി എന്നിവ സമീപത്തായതിനാൽ ഏറെ വികസന സാധ്യതയുണ്ട്.
അശാസ്ത്രീയമായ മണൽഖനനം മൂലം തുരുത്ത് കുറെയൊക്കെ ഇടിഞ്ഞു. പുഴയിലെ ഒഴുക്കും നിലച്ചിട്ടുണ്ട്. തുരുത്തിലേക്കു പോകാൻ പാലവും റോഡുമുണ്ട്. ഹ്രസ്വചിത്രങ്ങളുടെയും വിവാഹ വീഡിയോകളുടെയും ആൽബങ്ങളുടെയും ചിത്രീകരണം നടക്കുന്ന സ്ഥലമാണിത്. നിരവധി ക്യാംപുകളും ശിൽപശാലകളും നടന്നിട്ടുണ്ട്. കൊവിഡിന് ശേഷം തുരുത്തിലേക്ക് വിനോദസഞ്ചാരികൾ വരുന്നതും കാത്തിരിക്കുകയാണ് ഒക്കലുകാർ.
ഗുരുദേവന്റെ ഓർമ്മയിൽ
സമീപത്തുളള ഇടവൂർ ശങ്കരനാരായണ ക്ഷേത്രപ്രതിഷ്ഠയുടെ ആലോചനക്കായി എത്തിയ ഗുരുദേവൻ ഈ തുരുത്തിൽ വന്ന് ധ്യാനിച്ചിരുന്നൂവെന്നാണ് വിശ്വാസം. ഇതിന്റെ ഓർമ്മയ്ക്കായി ഗുരുദേവ ക്ഷേത്രവും ഇവിടെയുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ ഒക്കൽ ശിവരാത്രിയും കൊണ്ടാടാറുണ്ട്.